ജീവകാരുണ്യത്തിന്റെ മറവിൽ സാധനങ്ങൾ ശേഖരിച്ചു മറിച്ചുവിറ്റു; കുവൈത്തിൽ അഞ്ചുപേർ പിടിയിൽ
ജാഹ്റ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഒരു ഫർണിച്ചർ മാറ്റിസ്ഥാപിക്കൽ കമ്പനിയിലെ ജീവനക്കാരൻ ബന്ധപ്പെട്ട ജീവകാരുണ്യ സംഘടനയുടെ അനുമതിയില്ലാതെ അവരുടെ ഡൊണേഷൻ പദ്ധതിയുടെ വെബ്സൈറ്റും ഫോൺ നമ്പറും ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി
കുവൈത്ത് സിറ്റി: ജീവകാരുണ്യ സംഘടനയുടെ പേരിൽ ജനങ്ങളിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ മറിച്ചുവിറ്റ് വൻതുക സമ്പാദിച്ച സംഘത്തെ കുവൈത്ത് അധികൃതർ പിടികൂടി. മൂന്ന് സിറിയൻ പൗരന്മാരും രണ്ട് ഈജിപ്ഷ്യൻ പൗരന്മാരുമടങ്ങുന്ന അഞ്ച് പേരാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയമാണ് നടപടി സ്ഥിരീകരിച്ചത്.
ജാഹ്റ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഒരു ഫർണിച്ചർ മാറ്റിസ്ഥാപിക്കൽ കമ്പനിയിലെ ജീവനക്കാരൻ ബന്ധപ്പെട്ട ജീവകാരുണ്യ സംഘടനയുടെ അനുമതിയില്ലാതെ അവരുടെ ഡൊണേഷൻ പദ്ധതിയുടെ വെബ്സൈറ്റും ഫോൺ നമ്പറും ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ മാർഗങ്ങളിലൂടെയാണ് പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതായി പറഞ്ഞ് വിവിധ സാധനങ്ങൾ ശേഖരിച്ചത്.
വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയാണ് സംഘം വീടുകളിൽനിന്ന് ശേഖരിച്ചത്. ചാരിറ്റി ആവശ്യങ്ങൾക്ക് നൽകേണ്ട സാധനങ്ങൾ പിന്നീട് വിവിധ ഇടനിലക്കാരെ ഉപയോഗിച്ച് പ്രാദേശിക വിപണികളിൽ വിൽക്കുകയോ വിദേശത്തേക്ക് അയയ്ക്കുകയോ ചെയ്തെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഇതിലൂടെ സംഘത്തിന് പ്രതിമാസം ഏകദേശം 60,000 കുവൈത്ത് ദിനാർ വരെ വരുമാനം ലഭിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
ആംഘറിലെ ഒരു കമ്പനിയുടെ ഗോഡൗണും അധികൃതർ കണ്ടെത്തി. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങൾ പിടിച്ചെടുത്ത് തുടർ നിയമനടപടികൾ സ്വീകരിച്ചു. കേസിലെ പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments ()