പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കിവെച്ച് പാതിരാത്രി മോഷണം; കൊച്ചിയിലെ ഗുണ്ടാസംഘം അറസ്റ്റിൽ
തിരുവത്ര സ്വർണക്കവർച്ചയിൽ കൊച്ചിയിലെ ഗുണ്ടാസംഘം അറസ്റ്റിൽ
തൃശ്ശൂർ: തിരുവത്ര കോട്ടപ്പുറത്ത് ദേശീയപാതയോരത്തെ വീട് കുത്തിത്തുറന്ന് വൻ കവർച്ച നടത്തിയ കേസിൽ കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടുപേർ അറസ്റ്റിൽ. ആലുവ എടത്തല സ്വദേശികളായ മാനോലിപ്പറമ്പിൽ സലാം (55), മാനോലിപ്പറമ്പിൽ സുൽഫിക്കർ (33) എന്നിവരെയാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽരാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള എസ്.എ.ജി.ഒ.സി. സംഘവും ചാവക്കാട് പോലീസും ചേർന്ന് പിടികൂടിയത്. ഒരു കാലത്ത് കൊച്ചിയെ വിറപ്പിച്ചിരുന്ന ഭായ് നസീർ, തമ്മനം ഷാജി എന്നിവരുടെ പ്രധാന കൂട്ടാളികളാണ് പിടിയിലായ ഇരുവരും.
കോട്ടപ്പുറം സെന്ററിൽ എള്ളുപറമ്പിൽ ചിന്നയ്ക്കൽ എ.സി. അബ്ദുൽലത്തീഫിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. കഴിഞ്ഞ മാസം 19-ന് രാവിലെ വീട്ടുകാർ എറണാകുളത്തുള്ള ബന്ധുവീട്ടിലേക്ക് പോയ സമയത്തായിരുന്നു സംഭവം. പിറ്റേദിവസം രാത്രി തിരിച്ചെത്തിയപ്പോഴാണ് വാതിൽ പൊളിച്ച് അകത്തുകടന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന വിവരം അറിയുന്നത്. തുടർന്ന് പോലീസ് നടത്തിയ വ്യാപക തെരച്ചിലിൽ സമീപപ്രദേശങ്ങളിലെ അൻപതിലധികം സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴിവെച്ചത്.
പകൽ സമയങ്ങളിൽ കാറിലും ബൈക്കിലുമായി ദേശീയപാതയോരങ്ങളിൽ കറങ്ങിനടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ കണ്ടുവെക്കുകയും, തുടർന്ന് അർദ്ധരാത്രിക്ക് ശേഷം പൂട്ടുപൊളിച്ച് അകത്തുകടന്ന് മോഷണം നടത്തുകയുമാണ് ഇവരുടെ പതിവുരീതി.
പിടിയിലായ സലാം കളമശ്ശേരിയിൽ വീടുപൊളിച്ച് 200 പവൻ സ്വർണം കവർന്ന കേസ് ഉൾപ്പെടെ എറണാകുളം ജില്ലയിലെ നിരവധി കൊലപാതക-ക്രിമിനൽ കേസുകളിൽ പ്രതിയും ഭായ് നസീറിന്റെ വലംകൈയുമായിരുന്നു. സുൽഫിക്കറിനെതിരെ 10 ജില്ലകളിലായി 20-ലധികം ക്രിമിനൽ കേസുകളും 15-ലേറെ സാമ്പത്തിക വഞ്ചനാ കേസുകളുമുണ്ട്.
ഗുരുവായൂർ എ.സി.പി. എം. സുരേന്ദ്രൻ, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. ബിജോയ്, ചാവക്കാട് സി.ഐ. എം.കെ. രമേഷ്, എസ്.ഐ. പ്രീതാ ബാബു, എസ്.എ.ജി.ഒ.സി. ടീം അംഗങ്ങളായ എ.എസ്.ഐ. പി.കെ. പഴനിസ്വാമി, എസ്.സി.പി.ഒ.മാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സി.പി.ഒ.മാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ, രജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Comments ()