മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര; വിശദീകരണത്തെ ചോദ്യം ചെയ്ത് പി രാജീവ്

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് മാധ്യമങ്ങളെ കാണാതിരുന്നതും അദ്ദേഹം വിമർശനവിധേയമാക്കി. ഉന്നതതല യോഗം കഴിഞ്ഞ ശേഷമാണ് സർക്കാർ വിശദീകരണം നൽകാൻ തയ്യാറായതെന്നും, അതല്ലായിരുന്നുവെങ്കിൽ നേരത്തേ തന്നെ മാധ്യമങ്ങളെ കാണാമായിരുന്നുവെന്നും രാജീവ് പറഞ്ഞു

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര; വിശദീകരണത്തെ ചോദ്യം ചെയ്ത് പി രാജീവ്

തിരുവനന്തപുരം: സർക്കാർ ഹെലികോപ്റ്റർ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനം കടുപ്പിച്ച് മുൻ മന്ത്രി പി. രാജീവ്. സ്വകാര്യ നിക്ഷേപകരെ കാണാനാണ് യാത്ര നടത്തിയതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തെ പരിഹസിച്ച രാജീവ്, നിക്ഷേപകരെ സാധാരണ സംഘം ചേർന്നാണ് കാണാറുള്ളതെന്നും ഒറ്റയ്ക്ക് പോയി കൂടിക്കാഴ്ച നടത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും ചോദിച്ചു.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് മാധ്യമങ്ങളെ കാണാതിരുന്നതും അദ്ദേഹം വിമർശനവിധേയമാക്കി. ഉന്നതതല യോഗം കഴിഞ്ഞ ശേഷമാണ് സർക്കാർ വിശദീകരണം നൽകാൻ തയ്യാറായതെന്നും, അതല്ലായിരുന്നുവെങ്കിൽ നേരത്തേ തന്നെ മാധ്യമങ്ങളെ കാണാമായിരുന്നുവെന്നും രാജീവ് പറഞ്ഞു.

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുമ്പോൾ മുഖ്യമന്ത്രി ശാന്തമായി വിരുന്നിൽ പങ്കെടുത്തത് ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. ഏത് പ്രതിസന്ധിയിലും ഇത്തരത്തിൽ 'കൂൾ' ആയിരിക്കണമെന്ന സന്ദേശമാണോ മുഖ്യമന്ത്രി നൽകാൻ ശ്രമിച്ചതെന്ന ചോദ്യവും രാജീവ് ഉയർത്തി.

സർക്കാർ ഹെലികോപ്റ്റർ ഉപയോഗം, മഴക്കെടുതി കാലത്തെ മുഖ്യമന്ത്രിയുടെ ഇടപെടൽ, വിരുന്ന് വിവാദം എന്നിവയെ ചൊല്ലിയുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ സംസ്ഥാനത്ത് തുടരുകയാണ്.