കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം പിടിയിൽ: തൊടുപുഴയിലും കണ്ണൂരിലും നവജാതശിശുക്കളെ വിറ്റതായി പൊലീസ് കണ്ടെത്തൽ, കണ്ണൂരില്‍ വിറ്റത് വാരം സ്വദേശികൾക്ക്

കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം പിടിയിൽ: തൊടുപുഴയിലും കണ്ണൂരിലും നവജാതശിശുക്കളെ വിറ്റതായി പൊലീസ് കണ്ടെത്തൽ, കണ്ണൂരില്‍ വിറ്റത് വാരം സ്വദേശികൾക്ക്

കോട്ടയം, കണ്ണൂർ ജില്ലകളിലായി നടന്ന കുഞ്ഞുങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റാണ് പാലാ, കോട്ടയം ജയിലുകളിലെത്തി ചക്കരക്കൽ പൊലീസ് രേഖപ്പെടുത്തിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകും. കോട്ടയം തീക്കോയിയിൽ അസം സ്വദേശിയായ ഗർഭിണിയെ തടവിലാക്കി നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് ഈ കുട്ടിവില്പന മാഫിയയെക്കുറിച്ച് വിവരങ്ങൾ പുറത്തുവരുന്നത്.

വീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിനെത്തുടർന്ന് സോഷ്യൽ മീഡിയ വഴിയാണ് അസം സ്വദേശിനി തീക്കോയിയിലെ കേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. പ്രസവിക്കാനുള്ള സൗകര്യവും കുഞ്ഞിനെ വളർത്താൻ സഹായവും വാഗ്ദാനം ചെയ്ത്, ട്രെയിൻ ടിക്കറ്റും പണവും അയച്ചുനൽകിയാണ് പ്രതികൾ യുവതിയെ ഇവിടെയെത്തിച്ചത്. എന്നാൽ, അവിടെയെത്തിയ യുവതിയെ തടവിലാക്കുകയും പ്രസവിക്കുന്ന കുഞ്ഞിനെ നൽകിയാൽ മൂന്നുലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവിടെനിന്ന് രക്ഷപ്പെട്ട യുവതി പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഈരാറ്റുപേട്ട പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് പ്രതികൾ മുൻപും തൊടുപുഴയിലും കണ്ണൂരിലെ ചക്കരക്കല്ലിലും വച്ച് രണ്ടു കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. കണ്ണൂരിൽ വാരം സ്വദേശികൾക്കാണ് ഇവർ കുഞ്ഞിനെ വിറ്റത്. ഈ സംഭവങ്ങളിലാണ് തൊടുപുഴ പൊലീസും ചക്കരക്കൽ പൊലീസും നിലവിൽ കേസെടുത്തിരിക്കുന്നത്.