അന്ന് രക്ഷിച്ചത് 12 ചൈനീസ് ജീവനക്കാരെ! ഇന്ത്യൻ നാവികസേനയ്ക്കും കോസ്റ്റ്ഗാർഡിനും നന്ദിയറിച്ച് ചൈന
കഴിഞ്ഞ വർഷം കേരള തീരത്തു വച്ച് തീപിടിച്ച ചരക്ക് കപ്പലിൽനിന്നും 12 ചൈനീസ് നാവികരെ രക്ഷപ്പെടുത്തിയത് ഓർമിപ്പിച്ചാണ് അദ്ദേഹം ഇന്ത്യയ്ക്ക് നന്ദി പറഞ്ഞത്.
ന്യൂഡൽഹി: കേരള തീരത്ത് വച്ച് ചരക്കുകപ്പലിന് തീപിടിച്ചപ്പോൾ ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിന് ചൈനയുടെ നന്ദി. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഇന്ത്യയിലെ പുതിയ ചൈനീസ് ഡിഫൻസ് അറ്റാഷെ റിയർ അഡ്മിറൽ യു ജിയാൻ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ചത്.
കഴിഞ്ഞ വർഷം കേരള തീരത്തുവച്ച് അപകടനിലയിലായ ചരക്കുകപ്പലിൽ നിന്ന് 12 ചൈനീസ് നാവികരെയാണ് ഇന്ത്യൻ സേന ജീവനോടെ രക്ഷപ്പെടുത്തിയത്. ഈ സംഭവം സ്മരിച്ചുകൊണ്ടാണ് യു ജിയാൻ ഇന്ത്യയോടുള്ള നന്ദി രേഖപ്പെടുത്തിയത്.
2025 ജൂണില്‍ കേരളത്തിലെ അഴീക്കല്‍ തീരത്തിന് സമീപം വച്ച് 'എംവി വാന്‍ ഹൈ 503' എന്ന കപ്പലിന് തീപിടിച്ചപ്പോള്‍, ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ചൈനീസ് നാവികരെ രക്ഷപ്പെടുത്തിയത് ഒരിക്കലും മറക്കില്ലെന്ന് ഡല്‍ഹിയിലെ പുതിയ ചൈനീസ് ഡിഫന്‍സ് അറ്റാഷെ റിയര്‍ അഡ്മിറല്‍ യു ജിയാന്‍ പറഞ്ഞു.
ഇന്ത്യയും ചൈനയും പ്രധാനപ്പെട്ട അയല്‍രാജ്യങ്ങളാണെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള പൊതുതാല്‍പ്പര്യങ്ങള്‍ക്ക് ഭിന്നതകളേക്കാള്‍ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നയതന്ത്ര-സൈനിക തലങ്ങളിലുള്ള ആശയവിനിമയം ശക്തമാക്കാനും പരസ്പരവിശ്വാസം വളര്‍ത്താനും ചൈന സന്നദ്ധമാണ്. ഇരുരാജ്യങ്ങളിലെയും ഉന്നത നേതാക്കളുടെ കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതി ദൃശ്യമാകുന്ന പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശം.
ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ ദൗത്യങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരു സൈന്യങ്ങളും നല്‍കിയ മികച്ച സംഭാവനകളെ ഓര്‍മിപ്പിച്ച യു ജിയാന്‍, വരുംദിവസങ്ങളില്‍ സേനകള്‍ തമ്മില്‍ കൂടുതല്‍ സഹകരണവും ആശയവിനിമയവും ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
Comments ()