ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പ്; ചൈനയിലെ എണ്ണ ഉപയോഗത്തിൽ വൻ ഇടിവ്

2026-ലെ രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം ചൈനയുടെ ആകെ എണ്ണ ഉപയോഗത്തിൽ ഒൻപത് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗത മേഖലയിലെ എണ്ണ ഉപഭോഗം ഇതേ കാലയളവിൽ 16 ശതമാനം കുറഞ്ഞു

ഇലക്ട്രിക് വാഹനങ്ങളുടെ കുതിപ്പ്; ചൈനയിലെ എണ്ണ ഉപയോഗത്തിൽ വൻ ഇടിവ്

ലോകത്തെ പ്രധാന എണ്ണ ഉപഭോക്താക്കളിലൊന്നായ ചൈനയിൽ ഇന്ധന ഉപയോഗം ഗണ്യമായി കുറയുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം, പൊതുഗതാഗതത്തിന്റെ വർധിച്ച ഉപയോഗം, യാത്രാശീലങ്ങളിലെ മാറ്റം എന്നിവയാണ് എണ്ണ ഉപഭോഗം കുറയുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങളെന്നാണ് വിലയിരുത്തൽ.

2026-ലെ രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം ചൈനയുടെ ആകെ എണ്ണ ഉപയോഗത്തിൽ ഒൻപത് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗത മേഖലയിലെ എണ്ണ ഉപഭോഗം ഇതേ കാലയളവിൽ 16 ശതമാനം കുറഞ്ഞു. ഗൾഫ് മേഖലയിൽനിന്നുള്ള എണ്ണ വിതരണത്തെ ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ബാധിച്ച സാഹചര്യത്തിലും ചൈനയിൽ ഇന്ധന ആവശ്യകത കുറഞ്ഞത് ശ്രദ്ധേയമാണ്.

കാലാവസ്ഥാ-ഊർജ ഗവേഷകനായ മാർക്ക് ഇസഡ് ജേക്കബ്സണാണ് ചൈനയിലെ ഊർജ ഉപയോഗത്തിലെ ഈ മാറ്റം ചൂണ്ടിക്കാട്ടിയത്. ഗതാഗത മേഖലയിൽ ഫോസിൽ ഇന്ധനങ്ങളിൽനിന്നുള്ള മാറ്റം പ്രതീക്ഷിച്ചതിലും വേഗത്തിലാകുന്നതിന്റെ സൂചനയായാണ് കണക്കുകൾ വിലയിരുത്തപ്പെടുന്നത്.

എണ്ണ ലാഭിക്കുന്നതിൽ ഇ.വികൾക്ക് നിർണായക പങ്ക്

2026-ന്റെ ആദ്യ ആറ് മാസങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വഴി ചൈനയിൽ ഒഴിവാക്കപ്പെട്ട എണ്ണയുടെ അളവ് ബ്രിട്ടൻ ആറ് മാസത്തിനിടെ ഉപയോഗിക്കുന്ന മൊത്തം എണ്ണയേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ട്. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനൊപ്പം നിലവിലുള്ള ഇ.വി. ഉടമകൾ കൂടുതൽ ദൂരം വൈദ്യുത വാഹനങ്ങളിൽ സഞ്ചരിക്കുന്നതും എണ്ണ ഉപഭോഗത്തിലെ ഇടിവിന് കാരണമാകുന്നുണ്ട്.

ഇ.വി. ഉപയോഗത്തിന്റെ വർധനയ്ക്കൊപ്പം ശക്തമായ പൊതുഗതാഗത സംവിധാനവും യാത്രാ രീതികളിലെ മാറ്റങ്ങളും ചൈനയുടെ ഇന്ധന ആവശ്യകത കുറയ്ക്കുന്നതിൽ സഹായിച്ചു. ഇതോടെ നേരത്തെ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് ഗതാഗത മേഖലയിലെ എണ്ണ ഉപയോഗം താഴ്ന്നത്.

എണ്ണ ഉപഭോഗത്തിലുണ്ടായ കുറവ് കാർബൺ പുറന്തള്ളലിലും പ്രതിഫലിച്ചു. 2026-ലെ രണ്ടാം പാദത്തിൽ ചൈനയുടെ കാർബൺ പുറന്തള്ളൽ ഒരു ശതമാനം കുറഞ്ഞു. മുൻകാലങ്ങളിൽ കൽക്കരി ഉപയോഗം കുറഞ്ഞതായിരുന്നു ചൈനയിലെ കാർബൺ പുറന്തള്ളൽ കുറയുന്നതിനുള്ള പ്രധാന കാരണം. എന്നാൽ എണ്ണ ഉപയോഗത്തിലുണ്ടായ ഇടിവ് മലിനീകരണം കുറയുന്നതിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നത് പുതിയ പ്രവണതയായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, 2026-ന്റെ ആദ്യ പാദത്തിൽ ചൈനയുടെ കാർബൺ പുറന്തള്ളൽ രണ്ട് ശതമാനം ഉയർന്നിരുന്നു. വർഷത്തിന്റെ ആദ്യ പകുതിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ചെറിയ വർധനവ് തുടരുന്നുണ്ടെങ്കിലും, 2023-24 കാലയളവിലെ ഉയർന്ന നിലയേക്കാൾ താഴെയാണ് നിലവിലെ നിരക്ക്.

പുനരുപയോഗ ഊർജത്തിലേക്ക് കൂടുതൽ ശ്രദ്ധ

വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കാറ്റാടി, സൗരോർജം, ആണവോർജം, ജലവൈദ്യുതി തുടങ്ങിയ മേഖലകളിലെ ഉൽപ്പാദനം ചൈന ഈ വർഷം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമാകുന്നതിനനുസരിച്ച് ഗതാഗത മേഖലയിലെ പെട്രോളിയം അധിഷ്ഠിത ഇന്ധനങ്ങളുടെ ആവശ്യകത കൂടുതൽ കുറയാനുള്ള സാധ്യതയാണ് കണക്കുകൾ മുന്നോട്ടുവയ്ക്കുന്നത്. ഊർജ ഉപയോഗത്തിന്റെ ഘടനയിൽ തന്നെ വലിയ മാറ്റത്തിന് ചൈനയിലെ ഇ.വി. വിപ്ലവം വഴിയൊരുക്കുന്നതായാണ് വിലയിരുത്തൽ.