ഇറാൻ വിമാനങ്ങൾക്ക് ഇനി സർവീസില്ല; സെപ്റ്റംബർ 23-ഓടെ പ്രവർത്തനം അവസാനിക്കുമെന്ന് അമേരിക്ക
അമേരിക്കന്‍ ഉപരോധത്തിന്റെ ഭാരം മൂലം ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്ക് രണ്ട് ദിവസത്തിന് ശേഷം പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് സ്‌കോട്ട് ബെസ്സന്റ്
അമേരിക്കൻ ഉപരോധം ശക്തമാകുന്നതോടെ സെപ്റ്റംബർ 23 മുതൽ ലോകമെമ്പാടുമുള്ള എല്ലാ ഇറാനിയൻ വിമാനക്കമ്പനികളുടെയും പ്രവർത്തനം പൂർണ്ണമായി സ്തംഭിക്കുമെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നൽകി. വിമാനങ്ങൾക്ക് ഇന്ധനമോ ലാൻഡിങ് സർവീസുകളോ ലഭ്യമാകില്ലെന്നും ടിക്കറ്റ് വിൽപ്പന സാധ്യമാകില്ലെന്നും സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ-അമേരിക്ക യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഹൂതി ആക്രമണങ്ങൾക്ക് തിരിച്ചടിയായി സൗദി അറേബ്യ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഖാമിസ് മുസെയ്ത്, തെയ്ഫ് വ്യോമത്താവളങ്ങളിൽ നിന്ന് പറന്നുയർന്ന എഫ്-15, ടൈഫൂൺ യുദ്ധവിമാനങ്ങൾ യെമനിലെ തായിസ്, അൽ ജാഫ്, മാരിബ് പ്രവിശ്യകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28 വ്യോമാക്രമണങ്ങൾ നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി വെളിപ്പെടുത്തി.
ഇതിന് ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച ഹൂതികൾ, റിയാദിലെ അതീവ സുരക്ഷാ കേന്ദ്രങ്ങൾക്കും അരാംകോയ്ക്കും നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും അവകാശപ്പെട്ടു. അതേസമയം, മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണം ഹൂതികൾ തള്ളിക്കളഞ്ഞെങ്കിലും, മക്കയ്ക്ക് തെക്ക് ഭാഗത്ത് വെച്ച് ഹൂതി ഡ്രോൺ തടഞ്ഞതായി സൗദി സേന സ്ഥിരീകരിച്ചിട്ടുണ്ട്.
Comments ()