പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുവരുന്നു? യു.എസ് സൈന്യത്തെ പിൻവലിച്ചാൽ ഹോർമൂസ് തുറക്കാമെന്ന് ഇറാൻ

ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിനിടെ പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഈ നീക്കം

പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുവരുന്നു? യു.എസ് സൈന്യത്തെ പിൻവലിച്ചാൽ ഹോർമൂസ് തുറക്കാമെന്ന് ഇറാൻ

പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണാൻ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ നയതന്ത്ര നീക്കങ്ങൾ ശക്തമായി. അമേരിക്ക മേഖലയിലെ സൈനിക വിന്യാസം കുറച്ചാൽ ഏഴ് ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറന്നുനൽകാമെന്ന പുതിയ ഉപാധി ഇറാൻ മുന്നോട്ടുവെച്ചതായി ജാപ്പനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മുൻപ് യുദ്ധമവസാനിപ്പിക്കാൻ ഖത്തറിന് കൈമാറിയ ഏഴ് നിർദേശങ്ങളുടെ ആകെത്തുകയാണ് ഈ പുതിയ നിലപാട്. ആക്രമണമുണ്ടായാൽ തിരിച്ചടിക്കാൻ ശേഷിയുള്ള മിസൈലുകൾ കൈവശമുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ, തങ്ങളെ വീണ്ടും ആക്രമിക്കാൻ അമേരിക്ക ഒരുങ്ങുന്നതായുള്ള ഇന്റലിജൻസ് വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. യു.എൻ സമ്മേളനത്തിന് മുന്നോടിയായി ഗൾഫ് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയതോടെ, അമേരിക്ക സന്നദ്ധത അറിയിച്ചാൽ മധ്യസ്ഥർ വഴി ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നേക്കുമെന്ന ആകാംക്ഷ വർധിച്ചിട്ടുണ്ട്.

അതേസമയം, കടുത്ത സാമ്പത്തിക ഉപരോധങ്ങൾ കാരണം ഇറാന്റെ യാത്രാ വിമാനക്കമ്പനികൾ നിശ്ചലമാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയെങ്കിലും, തങ്ങളുടെ വിദേശ സർവീസുകൾ മുടങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ ആക്രമണങ്ങളിൽ താറുമാറായ ഗൾഫിലെ ഊർജ്ജ മേഖലയിൽ അമേരിക്ക 500 കോടി ഡോളർ നിക്ഷേപിക്കുമെന്നാണ് 'വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ, ഹൂത്തികളെ നേരിടാൻ സൗദിയുടെ പോർവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനുള്ള പിന്തുണ നൽകുമെന്ന് യു.കെയും വ്യക്തമാക്കിയിട്ടുണ്ട്.