മമ്മൂട്ടി മലയാളികളുടെ പൊതുസ്വത്ത്, വിമർശനങ്ങൾ തള്ളി ചിന്ത ജെറോം

നടന്‍ മമ്മൂട്ടിക്കെതിരായ പ്രചാരണങ്ങളെ തള്ളി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം.

മമ്മൂട്ടി മലയാളികളുടെ പൊതുസ്വത്ത്, വിമർശനങ്ങൾ തള്ളി ചിന്ത ജെറോം

കൊച്ചി: നടന്‍ മമ്മൂട്ടിക്കെതിരായ സൈബര്‍ പ്രചാരണങ്ങളെ തള്ളി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. മമ്മൂട്ടിക്കൊപ്പം ചിത്രം പങ്കുവെച്ചതിന്റെ പേരിലുള്ള വിമര്‍ശനങ്ങളെ അംഗീകരിക്കേണ്ടതില്ലെന്നും വിവാദമല്ല മറിച്ച് സംവാദമാണ് നമുക്ക് ആവശ്യമെന്നും ചിന്ത ജെറോം പറഞ്ഞു.

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതൃത്വങ്ങളുമായി മമ്മൂട്ടി ആഴത്തിലുള്ള ചര്‍ച്ചയാണ് നടത്തിയതെന്ന് ചിന്ത ജെറോം വ്യക്തമാക്കി. കടവന്ത്രയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ മൂന്നര മണിക്കൂറോളം ചെലവഴിച്ചു. രാഷ്ട്രീയവും രാഷ്ട്രീയ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തതിനൊപ്പം, പുതിയ തലമുറ രാഷ്ട്രീയത്തെയും സമരങ്ങളെയും കാണുന്ന രീതിയെക്കുറിച്ചും പ്രൊഡക്ടീവ് ആയ ചര്‍ച്ച നടന്നു. സംഘടനകള്‍ ഇതിനെ വളരെ ഗുണനിലവാരമുള്ള സമയമായാണ് കാണുന്നതെന്നും ഇത് ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരവും പൊതുസ്വത്തുമാണെന്നും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരു ചട്ടക്കൂടിലും ഒതുക്കേണ്ടതില്ലെന്നും ചിന്ത ജെറോം പറഞ്ഞു. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ കഴിഞ്ഞകാല നിലപാടുകള്‍ റദ്ദാക്കപ്പെടുന്നില്ല. സാമൂഹിക രംഗത്ത് നിരവധി ശ്രദ്ധേയ ഇടപെടലുകള്‍ നടത്തിയിട്ടുള്ള പ്രതിഭകളെ ദീര്‍ഘകാലത്തെ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. ആദരവോടെ മാത്രമാണ് മമ്മൂട്ടിയെ കാണുന്നതെന്നും അവര്‍ വ്യക്തമാക്കി.

മമ്മൂട്ടിയുമായുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍, പ്രസിഡന്റ് ചിന്ത ജെറോം, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ്, പ്രസിഡന്റ് എം. ശിവപ്രസാദ് എന്നിവര്‍ക്കെതിരെ ഇടത് സൈബര്‍ അണികള്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ചിത്രം പങ്കുവെച്ചാണ് പലരും പ്രതിഷേധം അറിയിച്ചത്. മമ്മൂട്ടി കെ. റഫീഖിനെ അപമാനിച്ചത് മറക്കില്ല എന്ന തരത്തിലുള്ള ക്യാപ്ഷനുകളും പോസ്റ്റു ചെയ്തിരുന്നു. സമരകാലത്ത് ഐക്യപ്പെടാത്ത ആളുടെ ഒപ്പം ഫോട്ടോയെടുക്കാന്‍ തൊലിക്കട്ടി വേണമെന്നും സൈബര്‍ സഖാക്കളെ വെല്ലുവിളിക്കരുതെന്നും ആവശ്യപ്പെട്ട് രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ ഉയര്‍ന്നത്.