സിയാലിന്റെ കടുത്ത താക്കീത്: വിമാന സർവീസുകൾ വൈകിയാൽ സ്പൈസ് ജെറ്റിന്റെ സ്ലോട്ടുകൾ റദ്ദാക്കും
ആഗസ്റ്റ് ഒന്നു മുതല്‍ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു
തുടർച്ചയായി വിമാന സർവീസുകൾ വൈകുന്നതിൽ കർശന നിലപാടുമായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ). അടിക്കടിയുള്ള സർവീസ് വൈകലിനെ തുടർന്ന് പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് സിയാൽ ഔദ്യോഗികമായി നോട്ടീസ് നൽകി.
ഓഗസ്റ്റ് ഒന്നു മുതൽ സർവീസുകളിൽ വ്യാപകമായി സമയക്രമം തെറ്റിയ സാഹചര്യത്തിലാണ് ഈ നടപടി. സർവീസുകൾ കൃത്യസമയത്ത് നടത്തിയില്ലെങ്കിൽ സ്പൈസ് ജെറ്റിന്റെ ലാൻഡിംഗ്, ടേക്ക്-ഓഫ് സ്ലോട്ടുകൾ റദ്ദാക്കുമെന്ന കടുത്ത താക്കീതാണ് അധികൃതർ നൽകിയിരിക്കുന്നത്. ഇതിനുപുറമേ, വിവിധ വിമാനത്താവള സേവനങ്ങൾ നൽകിയ വകയിൽ കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയും കമ്പനി സിയാലിന് നൽകാനുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും സ്പൈസ് ജെറ്റിന്റെ സർവീസുകൾ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിരുന്നു. ഞായറാഴ്ച രാത്രി 9.20-ന് കൊച്ചിയിലെത്തേണ്ടിയിരുന്ന ദുബായ് വിമാനം മൂന്ന് മണിക്കൂറിലേറെ വൈകി രാത്രി 12.25-നാണ് എത്തിയത്. തിങ്കളാഴ്ച രാവിലെ 6.55-ന് എത്തേണ്ടിയിരുന്ന ഫുജൈറ വിമാന സർവീസ് പൂർണ്ണമായി റദ്ദാക്കുകയും ചെയ്തു.
നേരത്തെ ഞായറാഴ്ച രാത്രി 11.45-ന് പുറപ്പെടേണ്ട ഫുജൈറ വിമാനം ആദ്യം രാത്രി 9.40-ലേക്ക് സമയം മാറ്റിയെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. സർവീസുകൾ തുടർച്ചയായി അട്ടിമറിക്കപ്പെടുന്നതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് വിമാനക്കമ്പനിക്കെതിരെ കടുത്ത നടപടിയുമായി സിയാൽ രംഗത്തെത്തിയത്.
Comments ()