ഫ്രീലാൻസ് ജോലിക്ക് വൻ തിരിച്ചടി: നിയമലംഘകർക്ക് അരലക്ഷം റിയാൽ പിഴയും ജയിൽശിക്ഷയും പ്രഖ്യാപിച്ച് സൗദി

സൗദി അറേബ്യയിൽ തൊഴിലുടമയുടെ കീഴിലല്ലാതെ സ്വന്തമായി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് ആഭ്യന്തര മന്ത്രാലയം കടുത്ത ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചു

ഫ്രീലാൻസ് ജോലിക്ക് വൻ തിരിച്ചടി: നിയമലംഘകർക്ക് അരലക്ഷം റിയാൽ പിഴയും ജയിൽശിക്ഷയും പ്രഖ്യാപിച്ച് സൗദി

സൗദി അറേബ്യയിൽ തൊഴിലുടമയുടെ കീഴിലല്ലാതെ സ്വന്തം നിലയിൽ (സ്വയം തൊഴിൽ) ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനം നടത്തുന്ന വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവുശിക്ഷയുമായിരിക്കും ലഭിക്കുക.

ശിക്ഷാകാലയളവ് പൂർത്തിയായ ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ പൂർണമായും പാലിക്കാൻ സ്വദേശികളും വിദേശികളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് ഓർമിപ്പിച്ച മന്ത്രാലയം, ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതിനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്; മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലുമാണ് വിവരങ്ങൾ അറിയിക്കേണ്ടത്.