യുഎഇയിൽ അധ്യയന വർഷാരംഭം: സ്കൂൾ ക്യാന്റീനുകളിൽ ബജറ്റിനനുയോജ്യമായ ഫുഡ് പാക്കേജുകൾ; രക്ഷിതാക്കൾക്ക് ആശ്വാസം
സ്കൂൾ തുറക്കും മുമ്പ് തന്നെ മുഴുവൻ ടേമിലേക്കുമായി ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാനും അതല്ലെങ്കിൽ ദിവസേനയോ മാസത്തിലോ ആവശ്യാനുസരണം ഭക്ഷണം വാങ്ങാനും സൗകര്യമുണ്ട്.
യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, കുടുംബങ്ങളുടെ പ്രതിമാസ ബജറ്റിലെ പ്രധാന ഘടകങ്ങളിലൊന്നായി കുട്ടികളുടെ സ്കൂൾ ഉച്ചഭക്ഷണ ചെലവുകൾ മാറുകയാണ്. എന്നാൽ ഇത്തവണ രക്ഷിതാക്കൾക്ക് സാമ്പത്തികമായി ആശ്വാസമേകുന്ന വിധത്തിൽ ആകർഷകവും സൗകര്യപ്രദവുമായ വിവിധ ഫുഡ് പാക്കേജുകളാണ് പ്രമുഖ സ്കൂളുകൾ അവതരിപ്പിക്കുന്നത്.
കുട്ടികളുടെ പ്രായത്തിനും ഭക്ഷണരീതിക്കും അനുസരിച്ച് ലഘുഭക്ഷണങ്ങൾക്ക് അഞ്ച് ദിർഹം മുതൽ സമ്പൂർണ്ണ ഉച്ചഭക്ഷണത്തിന് 39 ദിർഹം വരെയാണ് ഈടാക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ ടേം അടിസ്ഥാനത്തിലോ, അല്ലെങ്കിൽ ആവശ്യമനുസരിച്ച് ദിവസേനയോ മാസത്തിലോ ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള സൗകര്യവുമുണ്ട്. പ്രൈമറി വിദ്യാർത്ഥികൾക്കായി ചോറ്, കറികൾ, സലാഡ്, പഴങ്ങൾ എന്നിവയടങ്ങിയ പോഷകസമൃദ്ധമായ കോമ്പോകൾ 20 ദിർഹമിന് ലഭിക്കുമ്പോൾ, മുതിർന്ന കുട്ടികൾക്ക് സാൻഡ്‌വിച്ചുകൾ, സലാഡുകൾ, ചൂടുള്ള ഉച്ചഭക്ഷണം എന്നിവ അഞ്ച് മുതൽ 20 ദിർഹം വരെയുള്ള നിരക്കിൽ തിരഞ്ഞെടുക്കാം.
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്ന സ്കൂൾ ക്യാന്റീനുകളിൽ പൂർണ്ണമായും നിലക്കടല, എള്ള് എന്നിവ ഒഴിവാക്കിയുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആറ് ആഴ്ചത്തെ റോട്ടേഷൻ മെനുവിൽ വെജിറ്റേറിയൻ ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്കുള്ള അലർജി ഭീഷണികൾ ഒഴിവാക്കാൻ പ്രത്യേക മുൻകരുതലുകൾ എടുക്കാനും ആപ്പുകൾ വഴി ഇവ മുൻകൂട്ടി അറിയാനും രക്ഷിതാക്കൾക്ക് സാധിക്കും.
കയ്യിൽ പണം കരുതുന്നതിന് പകരം സെൻഡ, സ്‌പെയർ ആപ്പ് തുടങ്ങിയ ഡിജിറ്റൽ വാലറ്റുകളും ആപ്പുകളും വഴിയാണ് മിക്ക സ്കൂളുകളിലും പണമിടപാടുകൾ നടത്തുന്നത്. ഇവയിലൂടെ പണം നിക്ഷേപിക്കാനും കുട്ടികളുടെ ഭക്ഷണരീതി കൃത്യമായി നിരീക്ഷിക്കാനും മാതാപിതാക്കൾക്ക് സാധിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച പാക്കേജുകളിൽ മാത്രം ഒതുങ്ങാതെ കുട്ടികളുടെ വിശപ്പിനും താൽപ്പര്യത്തിനും അനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രക്ഷിതാക്കൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്.
Comments ()