അക്കൗണ്ട് പരിശോധനയുടെ പേരിൽ കോടികളുടെ തട്ടിപ്പ്: നഷ്ടപ്പെട്ട ഒരു മില്യണ്‍ ദിര്‍ഹം യുവതിക്ക് തിരികെ നല്കി പോലീസ്! പൊതുജനങ്ങൾക്ക് മുന്നറിയിപ്പും
വിശ്വസനീയമല്ലാത്ത വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ക്രെഡിറ്റ് കാർഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പങ്കുവയ്ക്കരുതെന്നും പൊലീസ് നിർദേശിച്ചു
സർക്കാർ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ട് പരിശോധനയുടെ പേരിൽ അറബ് വനിതയിൽ നിന്ന് തട്ടിയെടുത്ത ഒരു മില്യൺ ദിർഹത്തിലധികം (രണ്ട് കോടിയിലധികം രൂപ) തുക ദുബായ് പൊലീസ് പൂർണ്ണമായി വീണ്ടെടുത്ത് തിരികെ നൽകി. വിനോദയാത്രയ്ക്കായി വിദേശത്തായിരുന്ന സമയത്താണ് തട്ടിപ്പുകാർ യുവതിയെ ഫോണിൽ ബന്ധപ്പെട്ട് ചതിയിൽപ്പെടുത്തിയത്.
യുവതിയുടെ ബാങ്ക് അക്കൗണ്ട് സംശയത്തിന്റെ നിഴലിലാണെന്നും, പരിശോധനയ്ക്കായി താൻ നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് പണം മാറ്റണമെന്നും തട്ടിപ്പുകാരൻ ആവശ്യപ്പെടുകയായിരുന്നു. വിവരങ്ങൾ പുറത്തുപറഞ്ഞാൽ കേസ് നടപടികൾ നേരിടേണ്ടി വരുമെന്ന് ഭയപ്പെടുത്തിയാണ് ഇയാൾ യുവതിയെക്കൊണ്ട് പണം കൈമാറിയത്. യുഎഇയിൽ തിരിച്ചെത്തി ബാങ്കിലെത്തിയപ്പോഴാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായത്.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആന്റി സൈബർ ക്രൈം സെന്റർ ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അലി അൽ യമാഹിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ തുക പൂർണ്ണമായി കണ്ടെത്തി നൽകുകയുമായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തുന്ന സൈബർ തട്ടിപ്പുകാർക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ബാങ്കിങ് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അപരിചിതർക്ക് നൽകരുതെന്നും, സംശയകരമായ സാഹചര്യങ്ങളുണ്ടായാൽ 901 കോൾ സെന്റർ, പോലീസ് ഐ അല്ലെങ്കിൽ ഇ ക്രൈംപ്ലാറ്റ്ഫോം വഴി ഉടൻ പരാതിപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.
Comments ()