സാമൂഹിക വിഷയങ്ങളിൽ ഇടപെടൽ ലക്ഷ്യം; കേരളത്തിൽ ചുവടുറപ്പിക്കാൻ സിജെപി; കൊച്ചിയിൽ ഇന്ന് പൊതുസമ്മേളനം

ദക്ഷിണ മേഖലാ ഇൻചാർജ് വിജയ് റെഡ്ഡി മല്ലങ്കി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണ ശുക്ല എന്നിവർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കും. ഫിറോസ് ഖാൻ, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ്, നിധിൻ നോബിള്‍ എന്നിവരാണ് കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്

സാമൂഹിക വിഷയങ്ങളിൽ ഇടപെടൽ ലക്ഷ്യം; കേരളത്തിൽ ചുവടുറപ്പിക്കാൻ സിജെപി; കൊച്ചിയിൽ ഇന്ന് പൊതുസമ്മേളനം

കൊച്ചി: കേരളത്തിലെ പൊതുവിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കാനുള്ള നീക്കവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). സംസ്ഥാനത്തെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം നൽകുന്നതിന്റെ ഭാഗമായി എറണാകുളം മറൈൻ ഡ്രൈവിൽ ഇന്ന് പൊതുസമ്മേളനം നടക്കും. വൈകിട്ട് 4.30നാണ് പരിപാടി.

കേരളത്തിലെ പ്രവർത്തനം ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് സിജെപിയുടെ അടുത്ത ഘട്ടം. ഇതിനായി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പ്രാദേശിക ഘടകങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഓരോ പ്രദേശത്തെയും സാമൂഹിക പ്രശ്നങ്ങൾ കണ്ടെത്തി അവയിൽ ഇടപെടുന്നതിനാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് കേരളത്തിലെ ഭാരവാഹികൾ വ്യക്തമാക്കി.

ദക്ഷിണ മേഖലാ ഇൻചാർജ് വിജയ് റെഡ്ഡി മല്ലങ്കി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണ ശുക്ല എന്നിവർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കും. ഫിറോസ് ഖാൻ, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ്, നിധിൻ നോബിള്‍ എന്നിവരാണ് കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ദേശീയ തലത്തിലും സിജപി പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് രാജ്യവ്യാപക പ്രതിഷേധത്തിന് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ സമരപരിപാടികൾക്ക് തുടക്കമിടാനാണ് തീരുമാനം. പിന്നീട് മറ്റ് നഗരങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സിജപി അറിയിച്ചു. പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയാണ് സമരത്തിന് ആഹ്വാനം നൽകിയത്.