രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം; ഗ്യാനേഷ് കുമാറിനെതിരെ CJP രംഗത്ത്
വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾ നിർത്തിവെക്കണമെന്നതും സംഘടനയുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ താൽക്കാലികമായി മരവിപ്പിക്കണമെന്നും CJP ആവശ്യപ്പെട്ടു
ദില്ലി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനതാ പാർട്ടി (CJP) രംഗത്ത്. 48 മണിക്കൂറിനകം രാജിവെക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും CJP മുന്നറിയിപ്പ് നൽകി.
വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾ നിർത്തിവെക്കണമെന്നതും സംഘടനയുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ താൽക്കാലികമായി മരവിപ്പിക്കണമെന്നും CJP ആവശ്യപ്പെട്ടു. SIR വഴി 2025ലെ വോട്ടർപട്ടികയുടെ നിലയിലേക്ക് മടങ്ങണമെന്നും സംഘടന ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട നിലവിലെ നിയമത്തിൽ മാറ്റം വരുത്തണമെന്നും CJP ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെതിരെയും അദ്ദേഹത്തിന് നിർദേശം നൽകിയതായി ആരോപിക്കുന്നവർക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാണ് സംഘടനയുടെ മറ്റൊരു ആവശ്യം. SIR സംബന്ധിച്ച രേഖകൾ സുപ്രീംകോടതി നേതൃത്വത്തിലുള്ള സമിതിയുടെ സംരക്ഷണത്തിൽ നൽകണമെന്നും CJP ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നത സംബന്ധിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് CJPയുടെ പുതിയ ആവശ്യങ്ങൾ. കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ വിവിധ തീരുമാനങ്ങളിൽ കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചെന്നായിരുന്നു റിപ്പോർട്ട്. അതേസമയം, അഭിപ്രായവ്യത്യാസങ്ങളും എഴുത്തുപരമായ നിരീക്ഷണങ്ങളും കമ്മീഷന്റെ സാധാരണ തീരുമാനമെടുക്കൽ പ്രക്രിയയുടെ ഭാഗമാണെന്നും SIR ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
CJP സ്ഥാപകൻ അഭിജീത് ദിപ്കെയാണ് ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി 48 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ചത്. സമയപരിധിക്കുള്ളിൽ രാജിയുണ്ടായില്ലെങ്കിൽ ദില്ലിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.
Comments ()