ഗണേശ നിമജ്ജന ഡ്യൂട്ടിക്കിടെ ഇരുചക്രവാഹനമിടിച്ച് സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം; വാഹനം നിർത്താതെ പോയി
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു.
ഹൈദരാബാദിൽ ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഇരുചക്രവാഹനമിടിച്ച് പൊലീസ് സബ് ഇൻസ്പെക്ടർ കെ. വെങ്കണ്ണ (55) ദാരുണമായി കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ടാങ്ക് ബണ്ടിലെ എൻടിആർ മാർഗിൽ ക്രെയിൻ നമ്പർ രണ്ടിന് സമീപം ക്രമസമാധാന ചുമതലയിലായിരുന്ന വെങ്കണ്ണ, മറ്റൊരു ഉദ്യോഗസ്ഥനൊപ്പം റോഡ് മുറിച്ചുകടക്കവേ അജ്ഞാത സംഘം സഞ്ചരിച്ച വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ ഓടിച്ചുപോയി.
ആദ്യഘട്ടത്തിൽ നിസ്സാര പരിക്കേയുള്ളൂവെന്ന് കരുതി ജന്മനാടായ വാറങ്കലിലേക്ക് മടങ്ങിയ അദ്ദേഹത്തിന് പിന്നീട് കഠിനമായ തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടു. തുടർന്ന് ബന്ധുക്കൾ വാറങ്കലിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇരുചക്രവാഹനവും അതിലുണ്ടായിരുന്നവരെയും കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Comments ()