‘ശബ്ദം അടിച്ചമർത്താനുള്ള ശ്രമം’; സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തു
അക്കൗണ്ട് സസ്പെൻഡ് ചെയ്ത വിവരം സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്
ദില്ലി: സ്വാതന്ത്ര്യദിനത്തിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്ത സംഭവം വിവാദത്തിൽ. 26 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ട് ശനിയാഴ്ച പുലർച്ചെയോടെയാണ് അപ്രത്യക്ഷമായത്. മണിക്കൂറുകൾക്ക് ശേഷം മെറ്റാ അക്കൗണ്ട് പുനഃസ്ഥാപിച്ചു.
അക്കൗണ്ട് സസ്പെൻഡ് ചെയ്ത വിവരം സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. സ്വാതന്ത്ര്യദിനത്തിൽ പാർട്ടിയുടെ ശബ്ദം തടയാനുള്ള ശ്രമമാണ് നടന്നതെന്നും ഇത്തരം നടപടികൾക്ക് മുന്നിൽ പിന്നോട്ടില്ലെന്നും സിജെപി പ്രതികരിച്ചു.
പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടത്. യുവാക്കളെ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി പ്രഖ്യാപനങ്ങൾ നടത്താനിരിക്കെയാണ് അക്കൗണ്ടിനെതിരായ നടപടി ഉണ്ടായതെന്നും സിജെപി ചൂണ്ടിക്കാട്ടി. എന്നാൽ അക്കൗണ്ട് സസ്പെൻഡ് ചെയ്യാനുള്ള കൃത്യമായ കാരണം മെറ്റാ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, സ്വാതന്ത്ര്യദിനത്തിൽ സിജെപി പുതിയ സാമൂഹിക ക്യാമ്പയിനും തുടക്കമിട്ടു. ഗ്രാമപ്രദേശങ്ങളിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘സ്കൂൾ തീക് കരോ’ എന്ന പേരിലാണ് ദേശീയ ക്യാമ്പയിൻ ആരംഭിച്ചത്.
മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ അഭിജീത് ദിപ്കെയുടെ സ്വന്തം ഗ്രാമമായ സന്തുക് പിംപ്രിയിൽ നിന്നാണ് ക്യാമ്പയിന് തുടക്കമായത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടിനോടടുക്കുമ്പോഴും ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്ക് കുടിവെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ബുദ്ധിമുട്ടേണ്ടിവരുന്ന സാഹചര്യമുണ്ടെന്ന് സിജെപി ചൂണ്ടിക്കാട്ടി.
ഗ്രാമീണ സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ഇടപെടലുകൾ ശക്തമാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
Comments ()