സ്‌കൂളില്‍ അതിക്രമിച്ച് കയറി പത്താംക്ലാസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് പിടിയില്‍

പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു വിദ്യാർഥിനിക്കും പരുക്കേറ്റു.

സ്‌കൂളില്‍ അതിക്രമിച്ച് കയറി പത്താംക്ലാസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് പിടിയില്‍

അമരാവതി: ആന്ധ്രപ്രദേശിലെ സ്കൂൾ ക്ലാസ്മുറിയിൽ അതിക്രമിച്ചുകയറി പത്താംക്ലാസ് വിദ്യാർഥിനിയെ യന്ത്രവാൾ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്താൻ ശ്രമം. ആക്രമണത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വിദ്യാർഥിനിക്കും പരുക്കേറ്റിട്ടുണ്ട്. അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിലുള്ള ജില്ലാ പരിഷദ് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

ശ്രീ സത്യസായ് ജില്ലയിലെ ധർമവരം നഗലൂർ സ്വദേശിയായ ഹേമന്ത് (21, ദുമ്മു) ആണ് ആക്രമണം നടത്തിയത്. ഇയാൾ പെൺകുട്ടിയുടെ ബന്ധുവാണെന്നാണ് പ്രാഥമിക വിവരം. രാവിലെ ക്ലാസ് നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഹേമന്ത് ക്ലാസ്മുറിയിലേക്ക് അതിക്രമിച്ചുകയറിയത്. തുടർന്ന് കയ്യിലുണ്ടായിരുന്ന യന്ത്രവാൾ ഉപയോഗിച്ച് പെൺകുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കഴുത്തിലും പുറത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.

ആക്രമണം കണ്ട് മറ്റ് വിദ്യാർഥികൾ ഭയന്നോടുകയും അലറിവിളിച്ച് കരയുകയും ചെയ്തെങ്കിലും പ്രതി ആക്രമണം തുടരുകയായിരുന്നു. ഇതിനിടയിലാണ് സഹപാഠിയെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു പെൺകുട്ടിക്കും പരുക്കേറ്റത്. പെൺകുട്ടി രക്തത്തിൽ കുളിച്ചുവീണതോടെ പ്രതി സ്കൂളിൽനിന്ന് ഓടി രക്ഷപ്പെട്ടു. ഇതിനുശേഷമാണ് സ്കൂൾ അധികൃതർ വിവരം അറിയുന്നതും ക്ലാസ്മുറിയിലെത്തുന്നതും.

അധികൃതർ ഉടനടി പോലീസിൽ വിവരമറിയിക്കുകയും കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ പെൺകുട്ടിയെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസ് മാർഗം ബെംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതി ഹേമന്തിനെ ധർമവരം റെയിൽവേ സ്റ്റേഷനിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തീവ്രമായ നടുക്കം രേഖപ്പെടുത്തി. പെൺകുട്ടിക്ക് ആവശ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.