യുഡിഎഫിലെ ഭിന്നതയിൽ പ്രതികരണവുമായി മുഖ്യമന്ത്രി; വിമർശനങ്ങൾ തുറന്ന മനസ്സോടെ കേൾക്കുമെന്ന് സതീശൻ
പാർട്ടിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന മുതിർന്ന നേതാക്കൾ മന്ത്രിസഭയിലുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയ സതീശൻ, നയപരമായ വിഷയങ്ങളിൽ പാർട്ടി നേതൃത്വവുമായി ചർച്ച നടത്തുന്നത് പതിവാണെന്നും വ്യക്തമാക്കി
തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിന്റെ പ്രധാന നയപരമായ തീരുമാനങ്ങളെല്ലാം കോൺഗ്രസ് നേതൃത്വവുമായും മുന്നണിയിലെ മുതിർന്ന നേതാക്കളുമായും കൂടിയാലോചിച്ചാണ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരുമായും ചർച്ച നടത്താറില്ലെന്ന ആരോപണം ശരിയല്ലെന്നും വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുമെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന മുതിർന്ന നേതാക്കൾ മന്ത്രിസഭയിലുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയ സതീശൻ, നയപരമായ വിഷയങ്ങളിൽ പാർട്ടി നേതൃത്വവുമായി ചർച്ച നടത്തുന്നത് പതിവാണെന്നും വ്യക്തമാക്കി. സർക്കാരിന്റെ പ്രവർത്തനങ്ങൾ പാർട്ടി നയങ്ങൾക്കനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. എന്നാൽ, ദൈനംദിന ഭരണപരമായ കാര്യങ്ങളിൽ ഓരോ തീരുമാനത്തിനും പാർട്ടിയുമായി കൂടിയാലോചന നടത്തേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസിലെ ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി, തന്നോട് പാർട്ടിക്കുള്ളിൽ ആർക്കും വിയോജിപ്പ് പ്രകടിപ്പിക്കാമെന്നും യുവ നേതാക്കൾക്കുപോലും പരസ്യമായി വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ അത് അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുന്നണിയിലെ ഘടകകക്ഷികളായ മുസ്ലിം ലീഗിനും ഫോർവേഡ് ബ്ലോക്കിനും പദവികൾ നൽകിയതടക്കമുള്ള തീരുമാനങ്ങൾ അറിയിക്കാതെ എടുത്തുവെന്നാരോപിച്ച് അടൂർ പ്രകാശ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പരാതി നൽകിയിരുന്നു. മുന്നണി യോഗങ്ങൾ കൃത്യമായി ചേരുന്നില്ലെന്നും മുഖ്യമന്ത്രി അതിന് മുൻകൈയെടുക്കുന്നില്ലെന്നുമുള്ള വിമർശനങ്ങൾക്കിടെയാണ് യുഡിഎഫിനുള്ളിലെ അഭിപ്രായവ്യത്യാസം പുറത്തുവന്നത്.
Comments ()