ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
നവംബർ 14-ഓടെ ശക്തമായ ന്യൂനമർദമായും നവംബർ 15-ഓടെ തീവ്ര ന്യൂനമർദമായും ഇത് മാറാനാണ് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദം വരും ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 14-ഓടെ ശക്തമായ ന്യൂനമർദമായും നവംബർ 15-ഓടെ തീവ്ര ന്യൂനമർദമായും ഇത് മാറാനാണ് സാധ്യത.
തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം നവംബർ 16-ന് വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, മധ്യ കിഴക്കൻ അറബിക്കടലിലും വടക്കൻ ലക്ഷദ്വീപിന് സമീപവും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി നവംബർ 13 മുതൽ 17 വരെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമാകുന്നതിനാൽ കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തിൽ നവംബർ 13 മുതൽ 17 വരെ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിരോധിത മേഖലകളിൽ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ എത്രയും വേഗം സുരക്ഷിതമായി തീരത്തേക്ക് മടങ്ങണമെന്നും അധികൃതർ നിർദേശിച്ചു.
Comments ()