വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു; പുതിയ നിരക്ക് നിലവിൽ
എണ്ണ വിപണിയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്ന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 183 രൂപയുടെ ഇളവാണ് എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന്റെ വിലയിൽ കുറവ് പ്രഖ്യാപിച്ചു. എണ്ണ വിപണിയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെ തുടർന്ന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 183 രൂപയുടെ ഇളവാണ് എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്ക് നിലവിൽ വന്നതോടെ സിലിണ്ടറിന്റെ വില 3,113 രൂപയിൽ നിന്ന് 2,930 രൂപയായി കുറഞ്ഞു.
വിലക്കുറവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വാണിജ്യ മേഖലയ്ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര ഊർജ വിപണിയിൽ ഉണ്ടായ മാറ്റങ്ങളാണ് ഈ വിലക്കുറവിന് വഴിയൊരുക്കിയതെന്നാണ് സൂചന.
അതേസമയം, ഗാർഹിക ഉപഭോക്താക്കൾ ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വിലയിൽ നിലവിൽ മാറ്റമില്ല. അടുത്ത അവലോകനത്തിന് ശേഷമേ ഗാർഹിക സിലിണ്ടറിന്റെ നിരക്കിൽ മാറ്റമുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തത ലഭിക്കൂ. വാണിജ്യ സിലിണ്ടറുകൾക്കുണ്ടായിരുന്ന നിയന്ത്രണവും അടുത്തിടെ പിൻവലിച്ചിരുന്നുവെങ്കിലും, യുദ്ധത്തിന് മുമ്പുണ്ടായിരുന്ന വിലനിലവാരത്തിലേക്ക് ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
Comments ()