കര്‍ഷകര്‍ക്ക് ആശ്വാസം, പിഎം-കിസാൻ പദ്ധതി 2031 വരെ, വാർഷിക ധനസഹായം തുടരും
കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനത്തോടെ അർഹരായ കർഷകർക്ക് നിലവിൽ ലഭിച്ചുവരുന്ന പ്രതിവർഷം 6,000 രൂപയുടെ ധനസഹായം തുടർന്നും ലഭ്യമാകും.
ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് വലിയ ആശ്വാസമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ കാലാവധി 2030-31 സാമ്പത്തിക വർഷം വരെ ദീർഘിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. പദ്ധതിയുടെ തുടർനടപ്പാക്കലിനായി 3.15 ലക്ഷം കോടി രൂപയിലധികം (₹3,15,614 കോടി) ചെലവഴിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.
കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനത്തോടെ അർഹരായ കർഷകർക്ക് നിലവിൽ ലഭിച്ചുവരുന്ന പ്രതിവർഷം 6,000 രൂപയുടെ ധനസഹായം തുടർന്നും ലഭ്യമാകും.
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനത്തിലൂടെയാണ് സഹായധനം ഗുണഭോക്താക്കളുടെ ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നത്. വർഷത്തിൽ മൂന്ന് ഗഡുക്കളായി 2,000 രൂപ വീതമാണ് തുക വിതരണം ചെയ്യുന്നത്. ഇതിലൂടെ ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കി സഹായം നേരിട്ട് കർഷകരിലേക്ക് എത്തിക്കുന്നതാണ് ലക്ഷ്യം.
2019 ഫെബ്രുവരി 24-ന് ആരംഭിച്ച പിഎം-കിസാൻ പദ്ധതി രാജ്യത്തെ ചെറുകിട, നാമമാത്ര കർഷക കുടുംബങ്ങൾക്ക് വരുമാന പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. കാർഷിക ആവശ്യങ്ങൾക്കും കുടുംബ ചെലവുകൾക്കും സാമ്പത്തിക കൈത്താങ്ങായി പദ്ധതി തുടരുന്നതിലൂടെ കോടിക്കണക്കിന് കർഷകർക്ക് പ്രയോജനം ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.
പദ്ധതിയുടെ കാലാവധി 2031 വരെ നീട്ടിയ കേന്ദ്ര മന്ത്രിസഭാ തീരുമാനം രാജ്യത്തെ കർഷക സമൂഹത്തിന് ദീർഘകാല സാമ്പത്തിക സുരക്ഷയും വരുമാന സ്ഥിരതയും ഉറപ്പാക്കുന്ന സുപ്രധാന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
Comments ()