സൗജന്യ ടിക്കറ്റിന്റെ മറവിൽ പണപ്പിരിവെന്ന് പരാതി; കെഎസ്ആർടിസി പ്രിയദർശിനി ബസുകളിൽ പരിശോധന കടുപ്പിക്കുന്നു
ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനിൽ സൗജന്യ യാത്രയായി രേഖപ്പെടുത്തി യഥാർഥത്തിൽ ലഭിക്കുന്ന പണം ജീവനക്കാർ കൈവശപ്പെടുത്തുന്നുവെന്നാണ് പരാതി. യാത്രക്കാർ ടിക്കറ്റ് പരിശോധിക്കാത്ത സാഹചര്യം ചിലർ മുതലെടുക്കുന്നതായും ആരോപണമുണ്ട്
കൊച്ചി: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകളിൽ വനിതാ യാത്രക്കാർക്കായി അനുവദിച്ച സൗജന്യ ടിക്കറ്റുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികൾ ഉയർന്നതോടെ അന്വേഷണം ശക്തമാക്കി. പുരുഷ യാത്രക്കാരിൽ നിന്ന് യാത്രാക്കൂലി വാങ്ങിയ ശേഷം സൗജന്യ ‘സീറോ വാല്യൂ ടിക്കറ്റ്’ നൽകുന്നതായാണ് ചില ജീവനക്കാർക്കെതിരായ ആരോപണം.
ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനിൽ സൗജന്യ യാത്രയായി രേഖപ്പെടുത്തി യഥാർഥത്തിൽ ലഭിക്കുന്ന പണം ജീവനക്കാർ കൈവശപ്പെടുത്തുന്നുവെന്നാണ് പരാതി. യാത്രക്കാർ ടിക്കറ്റ് പരിശോധിക്കാത്ത സാഹചര്യം ചിലർ മുതലെടുക്കുന്നതായും ആരോപണമുണ്ട്.
ആലുവ–പറവൂർ റൂട്ടിൽ യാത്ര ചെയ്ത തമിഴ്നാട് സ്വദേശിക്ക് വനിതകൾക്കുള്ള സൗജന്യ ടിക്കറ്റ് ലഭിച്ചതോടെയാണ് ഒരു സംഭവം പുറത്തായത്. ടിക്കറ്റ് പരിശോധിച്ച യാത്രക്കാരൻ കെഎസ്ആർടിസിക്ക് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടക്ടറുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തി.
പൊന്നാനി–പാലക്കാട് റൂട്ടിൽ ഇതരസംസ്ഥാനക്കാരായ പുരുഷ യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകിയ സംഭവത്തിലും നടപടി സ്വീകരിച്ചു. വിജിലൻസ് പരിശോധനയ്ക്ക് ശേഷം ബന്ധപ്പെട്ട കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. എറണാകുളം–ഗുരുവായൂർ റൂട്ടിലും സമാനമായ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടക്ടറുടെ കൈവശം അധിക പണം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രിയദർശിനി ബസുകളിലെ പരിശോധനകൾ വ്യാപകമാക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. വിജിലൻസ് വിഭാഗത്തിനും മോട്ടോർ വാഹന വകുപ്പിലെ പ്രത്യേക സ്ക്വാഡുകൾക്കും മിന്നൽ പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Comments ()