വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവം: അന്വേഷണത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 'പ്രിയദർശിനി' ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്ത കെ.എസ്.ആർ.ടി.സി കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ 'പ്രിയദർശിനി' (RSA 173) ബസിലായിരുന്നു സംഭവം. ശനിയാഴ്ച യാത്രയ്ക്കിടെ സൗജന്യ യാത്രയ്ക്കുള്ള 'സീറോ ടിക്കറ്റ്' ആവശ്യപ്പെട്ട വിദ്യാർത്ഥിനിയോട് ടിക്കറ്റ് നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കണ്ടക്ടർ, "പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല" എന്ന് ആക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപിക്കുകയുമായിരുന്നു. മറ്റ് ചില യാത്രക്കാരോടും ഇയാൾ സമാനരീതിയിൽ പെരുമാറിയതായി ആരോപണമുണ്ട്.
സംഭവത്തിൽ വിദ്യാർത്ഥിനിയുടെ പരാതി പറവൂർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തി. കണ്ടക്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് സി.എം.ഡി.യുടെ നിർദ്ദേശപ്രകാരമാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
Comments ()