പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ബഹ്റൈനിലും കുവൈത്തിലും വ്യോമാക്രമണ മുന്നറിയിപ്പ്, സുരക്ഷ ശക്തമാക്കി
ബഹ്റൈനിൽ വ്യോമാക്രമണ സാധ്യത കണക്കിലെടുത്ത് രണ്ട് തവണ അപായസൈറൺ പ്രവർത്തിപ്പിച്ചു. ജനങ്ങൾ ശാന്തത പാലിക്കണമെന്നും ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറണമെന്നും ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും വിദേശികൾക്കും നിർദേശം നൽകി
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടെ ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ ആശങ്കാജനകമായി. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണിയെ തുടർന്ന് ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ പുലർച്ചെ അടിയന്തര മുന്നറിയിപ്പ് സൈറണുകൾ മുഴക്കി.
ബഹ്റൈനിൽ വ്യോമാക്രമണ സാധ്യത കണക്കിലെടുത്ത് രണ്ട് തവണ അപായസൈറൺ പ്രവർത്തിപ്പിച്ചു. ജനങ്ങൾ ശാന്തത പാലിക്കണമെന്നും ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറണമെന്നും ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും വിദേശികൾക്കും നിർദേശം നൽകി.
കുവൈത്തിനുനേരെയും ആക്രമണശ്രമം ഉണ്ടായതായി അധികൃതർ അറിയിച്ചു. രാജ്യത്തേക്ക് ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി സൈന്യം വ്യക്തമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി ആകാശത്ത് സ്ഫോടന ശബ്ദങ്ങൾ കേൾക്കാമെന്നും അതിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകൂട്ടി അറിയിച്ചിരുന്നു.
ഖത്തറിലും പുലർച്ചെ ഉയർന്ന സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. സുരക്ഷാഭീഷണി നിലനിൽക്കുന്നതായി അധികൃതർ അറിയിച്ചെങ്കിലും പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനെ തുടർന്ന് രാവിലെ 7.25-ന് മുന്നറിയിപ്പ് പിൻവലിച്ചു. നിലവിൽ ജനങ്ങൾ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലുണ്ടായ ഈ സംഭവങ്ങൾ പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകൾക്ക് കൂടുതൽ ആക്കം കൂട്ടിയിരിക്കുകയാണ്.
Comments ()