ദുബായിൽ സ്വർണവില വീണ്ടും ഉയർന്നു; ഗ്രാമിന് അഞ്ച് ദിർഹം വരെ വർധന
ജൂലൈ ആദ്യവാരത്തിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 503 ദിർഹം വരെ ഉയർന്ന് മാസത്തിലെ റെക്കോർഡ് കുറിച്ചിരുന്നു. തുടർന്ന് വില 481.50 ദിർഹം വരെ താഴ്ന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും ഉയർച്ചയുടെ പാതയിലാണ്
ദുബായ്: യുഎഇയിലെ സ്വർണ വിപണിയിൽ വീണ്ടും വിലക്കയറ്റം രേഖപ്പെടുത്തി. തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ 24 കാരറ്റ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ സ്വർണത്തിന് ഗ്രാമിന് അഞ്ച് ദിർഹം വരെ വർധിച്ചതോടെ ഈ മാസത്തെ ഉയർന്ന നിരക്കുകളിലേക്ക് വില വീണ്ടും അടുക്കുകയാണ്.
ഇന്നത്തെ നിരക്കനുസരിച്ച് 24 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 493.50 ദിർഹമാണ് വില. കഴിഞ്ഞ ദിവസം ഇത് 488.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണവും ഗ്രാമിന് 457 ദിർഹമായി ഉയർന്നു. ഞായറാഴ്ച ഇത് 452.25 ദിർഹം ആയിരുന്നു.
ജൂലൈ ആദ്യവാരത്തിൽ 24 കാരറ്റ് സ്വർണം ഗ്രാമിന് 503 ദിർഹം വരെ ഉയർന്ന് മാസത്തിലെ റെക്കോർഡ് കുറിച്ചിരുന്നു. തുടർന്ന് വില 481.50 ദിർഹം വരെ താഴ്ന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും ഉയർച്ചയുടെ പാതയിലാണ്. നിലവിലെ നിരക്ക് മാസത്തിലെ ഏറ്റവും ഉയർന്ന വിലയേക്കാൾ അല്പം താഴെയാണെങ്കിലും, കുറഞ്ഞ നിരക്കിനെ അപേക്ഷിച്ച് ശ്രദ്ധേയമായ വർധനയാണ് രേഖപ്പെടുത്തുന്നത്.
അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റമാണ് യുഎഇയിലെ സ്വർണവിലയിലും പ്രതിഫലിച്ചത്. ഔൺസിന് സ്വർണവില 1.6 ശതമാനം ഉയർന്ന് 4,100 ഡോളറിന് മുകളിലെത്തിയതോടെയാണ് പ്രാദേശിക വിപണിയിലും വില വർധിച്ചത്.
ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങളും സ്വർണത്തിന് പിന്തുണയായി. അമേരിക്ക–ഇറാൻ സംഘർഷത്തിൽ താൽക്കാലിക ശമനമുണ്ടായതും ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതുമാണ് വിപണിയിൽ അനുകൂല അന്തരീക്ഷം സൃഷ്ടിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനിടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന് താഴെയെത്തിയെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ താൽപര്യം തുടരുകയാണ്.
Comments ()