തൃഷയെ കുറിച്ചുള്ള വിവാദ പരാമർശം തിരിച്ചടിയായി; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ, ഹൈക്കോടതിയിൽ നിയമപോരാട്ടം

കേസിൽ മുൻകൂർ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി ഉച്ചയ്ക്ക് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അതേസമയം, അറസ്റ്റ് നടപടികളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്

തൃഷയെ കുറിച്ചുള്ള വിവാദ പരാമർശം തിരിച്ചടിയായി; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ, ഹൈക്കോടതിയിൽ നിയമപോരാട്ടം

ചെന്നൈ: നടി തൃഷയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്ന കേസിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ മുൻകൂർ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി ഉച്ചയ്ക്ക് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അതേസമയം, അറസ്റ്റ് നടപടികളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

രാവിലെ ഉദയനിധിയുടെ വസതിയിലെത്തിയ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും വിവരമുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കാവേരി ജലവിഹിത വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന കർഷക പ്രതിഷേധ പരിപാടിക്കിടെയായിരുന്നു വിവാദ പ്രസംഗം. മുഖ്യമന്ത്രി ജോസഫ് വിജയിയെ വിമർശിക്കുന്നതിനിടെ ഡിഎംകെ പ്രവർത്തകർ 'തൃഷ' എന്ന് മുദ്രാവാക്യം വിളിച്ചതോടെ, അതിനോട് പ്രതികരിച്ച ഉദയനിധിയുടെ ദ്വയാർഥ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്.

പരാമർശം പുറത്തുവന്നതോടെ ടിവികെയും ബിജെപിയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനമാണ് ഉയർന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഇത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.