കോറോ ഹെൽത്ത് വിവാദം: തൽസ്ഥിതി തുടരാൻ ധാരണ; ജീവനക്കാർക്ക് ഓഫീസിൽ പ്രവേശനം അനുവദിക്കും

മുൻകൂർ അറിയിപ്പില്ലാതെ 700-ലധികം ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ലേബർ കമ്മീഷണർ, തൃക്കാക്കര എംഎൽഎ ഉമാ തോമസ്, കമ്പനിയുടെ നിയമ പ്രതിനിധി എന്നിവർ തമ്മിൽ ചർച്ച നടന്നത്. ഇതിന് ശേഷമാണ് നിലവിലെ സാഹചര്യം തുടരാൻ തീരുമാനമായത്.

കോറോ ഹെൽത്ത് വിവാദം: തൽസ്ഥിതി തുടരാൻ ധാരണ; ജീവനക്കാർക്ക് ഓഫീസിൽ പ്രവേശനം അനുവദിക്കും

കൊച്ചി: ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായ മെഡിക്കൽ കോഡിങ് സ്ഥാപനമായ കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടലിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ താൽക്കാലിക ആശ്വാസം. കമ്പനി ജൂലൈ 10 വരെ നിലവിലെ നിലയിൽ പ്രവർത്തിക്കാനും ജീവനക്കാർക്ക് ഓഫീസിൽ പ്രവേശനം അനുവദിക്കാനും ധാരണയായി.

മുൻകൂർ അറിയിപ്പില്ലാതെ 700-ലധികം ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ലേബർ കമ്മീഷണർ, തൃക്കാക്കര എംഎൽഎ ഉമാ തോമസ്, കമ്പനിയുടെ നിയമ പ്രതിനിധി എന്നിവർ തമ്മിൽ ചർച്ച നടന്നത്. ഇതിന് ശേഷമാണ് നിലവിലെ സാഹചര്യം തുടരാൻ തീരുമാനമായത്.

ധാരണപ്രകാരം, ജോലിയില്ലെങ്കിലും ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാനും ഡൈനിങ്, വാഷ്‌റൂം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാനും കമ്പനി അനുമതി നൽകും. ജീവനക്കാരുടെ സൗകര്യങ്ങൾ തടസ്സപ്പെടില്ലെന്നും ചർച്ചയിൽ ഉറപ്പായതായി ഉമാ തോമസ് അറിയിച്ചു.

അതേസമയം, വിഷയത്തിൽ അന്തിമ തീരുമാനത്തിനായി ജൂലൈ 10-ന് തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ കമ്പനി പ്രതിനിധികളുമായി ചർച്ച നടക്കും. ഈ യോഗത്തിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഉമാ തോമസ് വ്യക്തമാക്കി.

700-ലധികം ജീവനക്കാരെ ബാധിച്ച കൂട്ടപ്പിരിച്ചുവിടൽ സംസ്ഥാനത്ത് വലിയ ചർച്ചയായ പശ്ചാത്തലത്തിൽ, മന്ത്രിതല ചർച്ചയുടെ ഫലമാണ് ഇനി തൊഴിലാളികളുടെ ഭാവി നിർണയിക്കുക.