കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഓഫീസ് വിലക്ക്, ധാരണയില്‍ നിന്ന് യു.എസ് കമ്പനി പിന്മാറി

ജീവനക്കാരോട് ഓഫീസിൽ കയറരുതെന്ന് കമ്പനി.

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഓഫീസ് വിലക്ക്, ധാരണയില്‍ നിന്ന് യു.എസ് കമ്പനി പിന്മാറി

കൊച്ചി: തീര്‍ത്തും അപ്രതീക്ഷിതമായി എണ്ണൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ കടുംപിടുത്തം തുടര്‍ന്ന് യു.എസ് കമ്പനിയായ കോറോ ഹെല്‍ത്ത്. മുന്‍ നിശ്ചയിച്ച ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നടപടികള്‍ പത്താം തീയതി വരെ മരവിപ്പിക്കാന്‍ ധാരണയായിരുന്നുവെങ്കിലും, കമ്പനി ഇപ്പോള്‍ ഇതില്‍ നിന്നും ഏകപക്ഷീയമായി പിന്മാറിയിരിക്കുകയാണ്.

ഇന്ന് ജോലിക്ക് ഹാജരാകാന്‍ എത്തിയ ജീവനക്കാരോട് ഓഫീസില്‍ പ്രവേശിക്കരുതെന്ന് മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ക്ക് മുന്നില്‍ വലിയ രീതിയിലുള്ള ജീവനക്കാരുടെ പ്രതിഷേധം തുടരുകയാണ്. സമരരംഗത്തുള്ള ജീവനക്കാര്‍ക്ക് പിന്തുണയുമായി എഐടിയുസി നേതാക്കളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. യാതൊരുവിധ മുന്‍കൂട്ടി അറിയിപ്പും നല്‍കാതെ, കഴിഞ്ഞ വെള്ളിയാഴ്ചയാണ് കമ്പനി ജീവനക്കാരെ കൂട്ടത്തോടെ ജോലിയില്‍ നിന്ന് ഒഴിവാക്കിയത്.

സാധാരണ പോലെ ജോലിക്ക് എത്തിയ ജീവനക്കാരോട് പെട്ടെന്ന് സിസ്റ്റത്തില്‍ നിന്നും ലോഗ് ഔട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് കേരളത്തിലെ ഓഫീസുകള്‍ സ്ഥിരമായി പൂട്ടുകയാണെന്ന് മാനേജ്മെന്റ് അറിയിക്കുകയുമായിരുന്നു. ആശങ്കയിലായ ജീവനക്കാര്‍ വിവരം എംഎല്‍എ അടക്കമുള്ളവരെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ ഇടപെട്ടത്.