ആദ്യ മലയാളി ബഹിരാകാശ സഞ്ചാരിയാകാൻ അനിൽ മേനോൻ; കൗണ്ട്ഡൗൺ തുടങ്ങി

ജൂലൈ 14ന് കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യമാണ് അദ്ദേഹം ആരംഭിക്കുന്നത്

ആദ്യ മലയാളി ബഹിരാകാശ സഞ്ചാരിയാകാൻ അനിൽ മേനോൻ; കൗണ്ട്ഡൗൺ തുടങ്ങി

വാഷിങ്ടൺ: നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഡോ. അനിൽ മേനോന് ജീവിതത്തിലെ ഏറ്റവും നിർണായക ദൗത്യത്തിന് ഇനി ദിവസങ്ങൾ മാത്രം. ജൂലൈ 14ന് കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് റോസ്‌കോസ്മോസിന്റെ സോയൂസ് എംഎസ്-29 പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാണ് അദ്ദേഹം യാത്രതിരിക്കുന്നത്. ദൗത്യം വിജയകരമായി പൂർത്തിയാകുന്നതോടെ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം അനിൽ മേനോന്റെ പേരിലാകും.

റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവും അന്ന കികിനയും ഈ എട്ടുമാസത്തെ ദൗത്യത്തിൽ അനിൽ മേനോനൊപ്പം ഉണ്ടാകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുന്നതിനിടെ മനുഷ്യശരീരത്തിൽ സൂക്ഷ്മ ഗുരുത്വാകർഷണം ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള നിരവധി പരീക്ഷണങ്ങൾ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കും. രക്തചംക്രമണം, നാഡീവ്യൂഹം, രക്തഘടകങ്ങളിലെ വ്യതിയാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കൊപ്പം ബഹിരാകാശത്ത് തന്നെ ഐവി ദ്രാവകങ്ങൾ തയ്യാറാക്കുന്നതിനുള്ള സാങ്കേതികവിദ്യയും പരിശോധിക്കും. ഓഗ്മെന്റഡ് റിയാലിറ്റിയുടെയും കൃത്രിമ ബുദ്ധിയുടെയും സഹായത്തോടെയുള്ള അൾട്രാസൗണ്ട് പരിശോധനകളും ദൗത്യത്തിന്റെ ഭാഗമാണ്.

ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രെയ്ൻ വംശജയായ എലിസബത്തിന്റെയും മകനാണ് 49-കാരനായ അനിൽ മേനോൻ. അമേരിക്കയിൽ വളർന്ന അദ്ദേഹം വൈദ്യശാസ്ത്രരംഗത്തും എയ്‌റോസ്പേസ് മെഡിസിനിലും മികവ് തെളിയിച്ച ശേഷമാണ് യുഎസ് എയർഫോഴ്‌സിൽ ചേർന്നത്. അഫ്ഗാനിസ്ഥാനിലെ 'ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡം' ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ഹിമാലയൻ റെസ്ക്യൂ അസോസിയേഷനൊപ്പം എവറസ്റ്റ് മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്കും വൈദ്യസഹായത്തിനും നേതൃത്വം നൽകി. ഇന്ത്യയിൽ റോട്ടറി അംബാസഡോറിയൽ സ്‌കോളർഷിപ്പിന്റെ ഭാഗമായി പോളിയോ പ്രതിരോധ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.

2014-ൽ നാസയിൽ ഫ്ലൈറ്റ് സർജനായി നിയമിതനായ അനിൽ മേനോൻ പിന്നീട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ സഞ്ചാരികൾക്ക് മെഡിക്കൽ പിന്തുണ നൽകി. 2018-ൽ സ്പേസ്‌എക്‌സിലേക്ക് മാറിയ അദ്ദേഹം കമ്പനിയുടെ ആദ്യ ഫ്ലൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായി. 2021 ഡിസംബറിൽ നാസയുടെ ബഹിരാകാശ സഞ്ചാരി സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം രണ്ട് വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയാണ് ആദ്യ ബഹിരാകാശ യാത്രയ്ക്കുള്ള അവസരം സ്വന്തമാക്കിയത്. ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്.