സൗദിയെ ആക്രമിക്കാതിരിക്കാൻ ഇറാനുമായി രഹസ്യ കരാർ? പാകിസ്ഥാൻ മധ്യസ്ഥതയെന്ന് റിപ്പോർട്ട്

പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ ഇടപെടലോടെയാണ് ധാരണ രൂപപ്പെട്ടതെന്നാണ് 'ദി ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നത്

സൗദിയെ ആക്രമിക്കാതിരിക്കാൻ ഇറാനുമായി രഹസ്യ കരാർ? പാകിസ്ഥാൻ മധ്യസ്ഥതയെന്ന് റിപ്പോർട്ട്

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒഴിവാക്കാൻ ഇറാനും പാകിസ്ഥാനും തമ്മിൽ രഹസ്യ നയതന്ത്ര നീക്കങ്ങൾ നടന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ ഇടപെടലോടെയാണ് ധാരണ രൂപപ്പെട്ടതെന്നാണ് 'ദി ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നത്.

റിപ്പോർട്ടനുസരിച്ച്, ഈ വർഷം മാർച്ചിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ധാരണയുണ്ടായത്. അമേരിക്കയുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കാതിരിക്കാനും പ്രത്യേകിച്ച് സൗദി അറേബ്യയെ ലക്ഷ്യമാക്കാതിരിക്കാനും ഇറാൻ സമ്മതിച്ചെന്നാണ് റിപ്പോർട്ടിലെ അവകാശവാദം.

ഇതിന് പ്രതിഫലമായി, ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് എണ്ണ കയറ്റുമതിക്ക് സഹായകരമായ ചില സംവിധാനങ്ങൾ പാകിസ്ഥാൻ ഒരുക്കാമെന്ന ധാരണയും ഉണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, ഈ വിവരങ്ങൾ സംബന്ധിച്ച് ഇറാൻ, സൗദി അറേബ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. റിപ്പോർട്ട് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നതിനിടെ ബന്ധപ്പെട്ട രാജ്യങ്ങളും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.