‘കാറ്റ് മാറി’; ഭഗവദ്ഗീതയും ഹനുമാൻ ചാലിസയും പ്രചരിപ്പിക്കൂ, ഇത് ഗോമാതാവിനെ സംരക്ഷിക്കുന്ന സർക്കാർ ഭയപ്പെടേണ്ട: സുവേന്ദു അധികാരി
ഭഗവദ്ഗീത പാരായണവും പ്രചാരണവും നടത്താനും ഹനുമാൻ ചാലിസ വിതരണം ചെയ്യാനും ഹരേ കൃഷ്ണ മന്ത്രം ജപിക്കാനും ശംഖ് മുഴക്കാനും മടിക്കേണ്ടതില്ലെന്ന് സുവേന്ദു അധികാരി പറഞ്ഞു.
കൊൽക്കത്ത: മതവിശ്വാസങ്ങൾ പിന്തുടരുന്നതിനും അവ പ്രചരിപ്പിക്കുന്നതിനും ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാനത്ത് സാഹചര്യം മാറിയെന്നും വിശ്വാസപരമായ പ്രവർത്തനങ്ങൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഭഗവദ്ഗീത പാരായണ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഭഗവദ്ഗീത പാരായണവും പ്രചാരണവും നടത്താനും ഹനുമാൻ ചാലിസ വിതരണം ചെയ്യാനും ഹരേ കൃഷ്ണ മന്ത്രം ജപിക്കാനും ശംഖ് മുഴക്കാനും മടിക്കേണ്ടതില്ലെന്ന് സുവേന്ദു അധികാരി പറഞ്ഞു. പശുക്കളുടെ സംരക്ഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സന്യാസിമാരെയും പുരോഹിതരെയും അപമാനിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാഗേശ്വർ ബാബയുടെ ബംഗാൾ സന്ദർശനവുമായി ബന്ധപ്പെട്ട സംഭവങ്ങളും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. അദ്ദേഹത്തിന്റെ ചിത്രവും കോലവും കത്തിച്ച സംഭവത്തിൽ സർക്കാർ നടപടി സ്വീകരിച്ചിരുന്നുവെന്നും മതനേതാക്കൾക്ക് സ്വന്തം വിശ്വാസങ്ങളും ആശയങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും സുവേന്ദു അധികാരി പറഞ്ഞു. സന്യാസിമാരെ അപമാനിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് നിയമസഭയിലും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കശ്മീരിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ‘തുക്കഡെ തുക്കഡെ ഗ്യാങ്’ എന്ന് വിശേഷിപ്പിച്ച വിഭാഗങ്ങൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഇത്തരം വിഷയങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഒരുമിച്ച് നിൽക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ‘ആസാദി’ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. ഇന്ത്യയ്ക്ക് 1947ൽ തന്നെ സ്വാതന്ത്ര്യം ലഭിച്ചുവെന്നും ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ രാജ്യസ്നേഹികൾ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments ()