മരിച്ചെന്ന് കരുതി 275 കി.മീ അകലെയെത്തിച്ച് തീ കൊളുത്തി; ഗർഭിണിയുടെ കൊലപാതകത്തിൽ നാലുപേർ പിടിയിൽ
മഹാരാഷ്ട്രയിൽ ഗർഭിണിയെ ജീവനോടെ കത്തിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലു പേർ അറസ്റ്റിൽ
മഹാരാഷ്ട്രയിലെ അഹല്യനഗറിൽ ഗർഭിണിയായ യുവതിയെ ക്രൂരമായി മർദിച്ച് ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഹല്യനഗർ സ്വദേശിനിയായ പിങ്കി ഹനുമന്ത് കട്ക (31) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച ജാംഖേഡിലെ ഒരു ആർട്ട് സെന്ററിൽ വെച്ചുണ്ടായ വ്യക്തിപരമായ തർക്കമാണ് ദാരുണമായ ഈ കൊലപാതകത്തിൽ കലാശിച്ചത്.
മർദനമേറ്റ് ബോധരഹിതയായി വീണ പിങ്കി മരിച്ചെന്ന് തെറ്റിദ്ധരിച്ച പ്രതികൾ, കുറ്റം മറച്ചുവെക്കാനും തെളിവുകൾ നശിപ്പിക്കാനുമായി യുവതിയെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് 275 കിലോമീറ്ററോളം അകലെയുള്ള ധൂലെ-സോലാപൂർ ദേശീയപാതയോരത്തെ വിജനമായ മലയോര മേഖലയിലെത്തിച്ച ശേഷമാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തീ കൊളുത്തുന്ന സമയത്ത് യുവതിക്ക് ജീവനുണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ദേശീയപാതയോരത്ത് പകുതി കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഹൈവേയിലെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ലൊക്കേഷനുകൾ, പ്രദേശത്ത് കണ്ട സംശയാസ്പദമായ വാഹനം എന്നിവ പിന്തുടർന്ന് നടത്തിയ ഊർജിതമായ പരിശോധനകൾക്കൊടുവിൽ ദിവസങ്ങൾക്കകം പോലീസ് പ്രതികളെ വലയിലാക്കുകയായിരുന്നു.
Comments ()