ഫെയർനെസ് ക്രീമിന് ഇരയായി ഗായകനും, ഉപയോഗിച്ചതിന് പിന്നാലെ ഗുരുതര വൃക്കരോഗം; ദുരനുഭവം വെളിപ്പെടുത്തി സലീം കോടത്തൂർ
കാസർകോടുള്ള ഒരു സുഹൃത്തിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം ക്രീം ഉപയോഗിച്ചുതുടങ്ങിയത്. ഉപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ചർമത്തിന്റെ നിറത്തിൽ മാറ്റം പ്രകടമായിരുന്നു
മലപ്പുറം: സൗന്ദര്യം വർധിപ്പിക്കാനായി ഉപയോഗിച്ച ഫെയർനെസ് ക്രീം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായെന്ന് വെളിപ്പെടുത്തി ഗായകൻ സലീം കോടത്തൂർ. ക്രീമിന്റെ ഉപയോഗത്തെത്തുടർന്ന് തനിക്കും മെംബ്രനസ് നെഫ്രോപതി എന്ന വൃക്കരോഗം ബാധിച്ചതായാണ് അദ്ദേഹം വ്യക്തമാക്കിയത്. സമാനമായ ആരോഗ്യപ്രശ്നം നേരിട്ട 17കാരിയുടെ അനുഭവം പുറത്തുവന്നതിന് പിന്നാലെയാണ് സ്വന്തം ദുരനുഭവവും സലീം പങ്കുവെച്ചത്.
കാസർകോടുള്ള ഒരു സുഹൃത്തിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം ക്രീം ഉപയോഗിച്ചുതുടങ്ങിയത്. ഉപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ചർമത്തിന്റെ നിറത്തിൽ മാറ്റം പ്രകടമായിരുന്നു. എന്നാൽ പിന്നീട് ആരോഗ്യനില മോശമാകുകയും ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തു. കാലുകളിലും കണ്ണുകളിലും നീർവീക്കം അനുഭവപ്പെടുന്നതിനൊപ്പം മൂത്രാശയ അണുബാധയും ഉണ്ടായി.
തുടർന്ന് മാസങ്ങളോളം ചികിത്സയും വിവിധ പരിശോധനകളും നടത്തിയെങ്കിലും രോഗത്തിന്റെ യഥാർഥ കാരണം കണ്ടെത്താനായില്ല. രോഗനിർണയത്തിനായി നിരവധി പരിശോധനകൾക്ക് വിധേയനായിട്ടും വ്യക്തമായ ഉത്തരം ലഭിക്കാത്ത അവസ്ഥയായിരുന്നു. ഇതിനിടെ ക്രീം ഉപയോഗിക്കുന്ന കാര്യം ഒരു സുഹൃത്ത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അന്വേഷണത്തിന് പുതിയ വഴിത്തിരിവുണ്ടായത്.
ക്രീമിൽ മെർക്കുറിയുടെ അളവ് കൂടുതലാണെന്ന സംശയമാണ് രോഗകാരണം കണ്ടെത്താൻ സഹായിച്ചതെന്ന് സലീം പറയുന്നു. ഇക്കാര്യം ഡോക്ടറോട് വിശദീകരിച്ചതോടെയാണ് ക്രീമിന്റെ ഉപയോഗവും ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധം പരിശോധിച്ചത്. തുടർന്നാണ് തനിക്ക് ബാധിച്ച രോഗാവസ്ഥ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.
താൻ നേരത്തെ ഉപയോഗിച്ചിരുന്ന അതേ ക്രീം ഇപ്പോൾ പല പേരുകളിലും വിപണിയിൽ ലഭിക്കുന്നുണ്ടെന്നും യുഎഇ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിൽപ്പന നടക്കുന്നുണ്ടെന്നും സലീം കോടത്തൂർ ആരോപിച്ചു. പുറംമോടി വർധിപ്പിക്കാനുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ഘടകങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് തന്റെ അനുഭവം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments ()