നേർക്കുനേർ പറയുന്നതാണ് ശീലം, പിന്നിൽ നിന്ന് അമ്പെയ്യുന്ന ആളല്ല ഞാൻ'; വിവാദങ്ങളിൽ പ്രതികരിച്ച് കെ. മുരളീധരൻ

സർക്കാരിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ വിവാദമാക്കി മാറ്റുന്നതിനുപകരം ഭരണപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു

നേർക്കുനേർ പറയുന്നതാണ് ശീലം, പിന്നിൽ നിന്ന് അമ്പെയ്യുന്ന ആളല്ല ഞാൻ'; വിവാദങ്ങളിൽ പ്രതികരിച്ച് കെ. മുരളീധരൻ

തിരുവനന്തപുരം: മന്ത്രിസഭയ്ക്കുള്ളിലെ തർക്കങ്ങളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. രഹസ്യമായി പ്രവർത്തിക്കുന്ന ശൈലി തനിക്കില്ലെന്നും പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയുന്നയാളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ വിവാദമാക്കി മാറ്റുന്നതിനുപകരം ഭരണപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പിഎസ്‌സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ചില മന്ത്രിമാരും തമ്മിൽ തർക്കമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ വിവരങ്ങൾ മുരളീധരൻ മാധ്യമങ്ങൾക്ക് ചോർത്തിയെന്നായിരുന്നു ആരോപണം. എന്നാൽ ഇതിന് പിന്നിൽ താനാണെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും ഇത്തരം വിവാദങ്ങൾ മറച്ചുകളയരുതെന്നും കൂട്ടായ്മയോടെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലും യുഡിഎഫിലും ഏകോപനപ്രശ്നങ്ങളില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. തിരഞ്ഞെടുപ്പിൽ മുന്നണിക്ക് ലഭിച്ച 102 സീറ്റുകൾ പാർട്ടിയുടെയും മുന്നണിയുടെയും പ്രവർത്തനക്ഷമത വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രസ്ഥാനങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവ ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

പിഎസ്‌സി അംഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിൽ വലിയ പ്രതിസന്ധികളുണ്ടായിരുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. ഒരു പേരുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സംശയം ഉന്നയിച്ചിരുന്നെങ്കിലും വിഷയം അടുത്ത ദിവസം തന്നെ പരിഹരിക്കുകയായിരുന്നു. പട്ടിക ഗവർണർക്ക് കൈമാറിയിട്ടുണ്ട്. അംഗീകാരം ലഭിച്ചാലുടൻ നാലോ അഞ്ചോ പേരുടെ നിയമനം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാർട്ടിക്ക് ലഭിച്ച പിഎസ്‌സി അംഗത്വങ്ങളുടെയും ഗവൺമെന്റ് പ്ലീഡർ സ്ഥാനങ്ങളുടെയും എണ്ണവും മുൻകാലങ്ങളിൽ ലഭിച്ചതിനേക്കാൾ കൂടുതലാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. എന്നാൽ സർക്കാരിന്റെ നേട്ടങ്ങൾ ചർച്ചയാകുന്നതിന് പകരം വിവാദങ്ങൾക്കാണ് കൂടുതൽ ശ്രദ്ധ ലഭിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ കൂടുതൽ പ്രതികരണത്തിന് മന്ത്രി തയ്യാറായില്ല. തന്റെ അഭിപ്രായം നേരത്തെ അറിയിച്ചിട്ടുണ്ടെന്നും ഇനി ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ചേർന്നാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പലപ്പുഴയിലെ സ്വതന്ത്ര എംഎൽഎ ജി. സുധാകരന്റെ വിമർശനങ്ങളെക്കുറിച്ചും മുരളീധരൻ നിലപാട് വ്യക്തമാക്കി. മുതിർന്ന നേതാവെന്ന നിലയിൽ സുധാകരന്റെ ഉപദേശങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹത്തിന്റെ നിർദേശങ്ങൾ സർക്കാർ പരിഗണിക്കുമെന്നും പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ സഹായകരമായിട്ടുണ്ടെന്നും ചില നിർദേശങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.