മാപ്പുപറഞ്ഞു, ഇനി കാത്തിരിപ്പ്; കോൺഗ്രസിലേക്ക് മടങ്ങാൻ പത്മജയുടെ പുതിയ നീക്കം, തിരിച്ചുവരവ് ഉടനില്ല
അനുകൂല സാഹചര്യം ഒരുക്കാനാണ് പത്മജയുടെ നീക്കം. ഉടൻ കെപിസിസിക്ക് അപേക്ഷ നൽകാതെ കുറച്ചുനാൾ കൂടി കാത്തിരിക്കാനാണ് തീരുമാനമെന്നാണ് വിവരം
തിരുവനന്തപുരം: കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിന് തിടുക്കം വേണ്ടെന്ന നിലപാടിൽ പത്മജ വേണുഗോപാൽ. പാർട്ടിക്കുള്ളിൽ മടങ്ങിവരവിനെതിരെ എതിർപ്പുകൾ ശക്തമായ സാഹചര്യത്തിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി അനുകൂല സാഹചര്യം ഒരുക്കാനാണ് പത്മജയുടെ നീക്കം. ഉടൻ കെപിസിസിക്ക് അപേക്ഷ നൽകാതെ കുറച്ചുനാൾ കൂടി കാത്തിരിക്കാനാണ് തീരുമാനമെന്നാണ് വിവരം.
കോൺഗ്രസ് നേതൃത്വത്തിലും പ്രവർത്തകർക്കുമെതിരെ നേരത്തെ നടത്തിയ പരാമർശങ്ങളിലും ബിജെപിയിലേക്കുള്ള മാറ്റത്തിലും ഖേദം പ്രകടിപ്പിച്ച പത്മജ, തന്റെ നിലപാട് നേതാക്കളെ നേരിട്ട് അറിയിക്കാനാണ് ശ്രമിക്കുന്നത്. പാർട്ടിയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ടെങ്കിലും പ്രവേശനത്തിന് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുന്നതുവരെ ഔദ്യോഗിക നടപടികൾ നീട്ടിവെക്കാനാണ് നീക്കം.
പത്മജയുടെ മാപ്പപേക്ഷ പരിഗണിച്ച് പരിമിതമായ കാലയളവിനുശേഷം തിരിച്ചുവരവിന് അവസരം നൽകണമെന്ന അഭിപ്രായം കോൺഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. എന്നാൽ ഇപ്പോൾ തന്നെ അംഗത്വം നൽകുന്നതിനെ എതിർക്കുന്ന നേതാക്കളും സജീവമാണ്. യുവനേതാക്കൾക്കൊപ്പം വനിതാ നേതാക്കളിൽ നിന്നും എതിർപ്പുയർന്നതോടെയാണ് മടങ്ങിവരവ് കൂടുതൽ സങ്കീർണമായത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഓർമദിനത്തിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പുഷ്പാർച്ചന നടത്താൻ അവസരം നൽകണമെന്ന ആഗ്രഹവും പത്മജ മുന്നോട്ടുവെച്ചിട്ടുണ്ട്. അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യവുമായി വീണ്ടും ബന്ധപ്പെടാനുള്ള ആഗ്രഹമാണ് ഇതിലൂടെ പ്രകടമാകുന്നത്.
അടുത്ത മാസത്തോടെ കെപിസിസിക്ക് കത്ത് നൽകാനാണ് നിലവിലെ ആലോചന. കത്ത് ലഭിച്ചാൽ സംസ്ഥാന നേതൃത്വം ഒറ്റയ്ക്ക് തീരുമാനമെടുക്കില്ല. ഹൈക്കമാൻഡുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക. അതുവരെ കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായുള്ള ആശയവിനിമയത്തിലൂടെ തിരിച്ചുവരവിനുള്ള പിന്തുണ ഉറപ്പാക്കാനാണ് പത്മജയുടെ ശ്രമം.
Comments ()