പഞ്ചസാര കുറച്ചാൽ പ്രമേഹം മാത്രമല്ല, ചർമത്തിനും ഗുണം; അറിയാം ആരോഗ്യകരമായ ശീലങ്ങൾ
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. ദഹനപ്രക്രിയ മെച്ചപ്പെടാനും ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയാനും ഇത് സഹായിക്കും. ഇതുവഴി മുഖക്കുരു, ചർമത്തിലെ ചുവപ്പ് തുടങ്ങിയ ചില പ്രശ്നങ്ങൾ കുറയുകയും ചർമത്തിന് കൂടുതൽ ആരോഗ്യകരമായ രൂപം ലഭിക്കുകയും ചെയ്യാം
ഭക്ഷണത്തിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് മാത്രമല്ല, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാനും ചർമത്തിന്റെ ആരോഗ്യത്തിനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പഞ്ചസാരയുടെ ഉപയോഗം കുറയുന്നതോടെ വയറിലും കരളിലും അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കാം. ഇതിന്റെ ഗുണഫലം മുഖത്തും ചർമത്തിലും പ്രകടമാകാം. മുഖത്തെ വീക്കവും കണ്ണുകൾക്ക് താഴെയുള്ള പഫിനസും കുറയാനും ഇത് സഹായിക്കാം.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. ദഹനപ്രക്രിയ മെച്ചപ്പെടാനും ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയാനും ഇത് സഹായിക്കും. ഇതുവഴി മുഖക്കുരു, ചർമത്തിലെ ചുവപ്പ് തുടങ്ങിയ ചില പ്രശ്നങ്ങൾ കുറയുകയും ചർമത്തിന് കൂടുതൽ ആരോഗ്യകരമായ രൂപം ലഭിക്കുകയും ചെയ്യാം.
ദിവസേനയുള്ള ഭക്ഷണശീലങ്ങളിൽ ചെറിയ മാറ്റങ്ങളിലൂടെ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാം. ചായയിലും കാപ്പിയിലും പഞ്ചസാര ചേർക്കാതെ കുടിക്കുന്ന ശീലം ആരംഭിക്കാം. പഴങ്ങളുടെ കാര്യത്തിൽ ജ്യൂസിന് പകരം പഴം നേരിട്ട് കഴിക്കുന്നതാണ് നല്ലത്. പഴം ജ്യൂസാക്കുമ്പോൾ ഫൈബറിന്റെ ഗുണം കുറയാം. പാക്കറ്റ് ജ്യൂസുകളിൽ അധിക പഞ്ചസാര അടങ്ങിയിരിക്കാനും സാധ്യതയുണ്ട്.
പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ലേബലിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതും പ്രധാനമാണ്. ഒരേ തരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്ത ബ്രാൻഡുകൾ തിരഞ്ഞെടുക്കുമ്പോൾ താരതമ്യം ചെയ്ത് പഞ്ചസാര കുറഞ്ഞത് തിരഞ്ഞെടുക്കാം. ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ എനർജി ഡ്രിങ്കുകൾക്ക് പകരം കരിക്കിൻവെള്ളം പോലുള്ള പ്രകൃതിദത്ത പാനീയങ്ങൾ തിരഞ്ഞെടുക്കുന്നതും പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാൻ സഹായിക്കും.
Comments ()