കുറഞ്ഞ ചെലവിൽ കൂടുതൽ പ്രതിരോധം: ഇന്ത്യയുടെ സ്വന്തം മലേറിയ വാക്സിൻ 'അഡ്ഫാൽസിവാക്സ്' വൈകാതെ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ റീകോമ്പിനന്റ് മൾട്ടി-സ്റ്റേജ് മലേറിയ പ്രതിരോധ വാക്സിൻ അഡ്ഫാൽസിവാക്സ് (AdFalciVac) വൈകാതെയെത്തും
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യ റീകോമ്പിനന്റ് മൾട്ടി-സ്റ്റേജ് മലേറിയ പ്രതിരോധ വാക്സിനായ 'അഡ്ഫാൽസിവാക്സ്' (AdFalciVac) വൈകാതെ പുറത്തിറങ്ങും. നിലവിലുള്ള മലേറിയ വാക്സിനുകളേക്കാൾ ഉയർന്ന പ്രതിരോധശേഷി നൽകുന്ന അഡ്ഫാൽസിവാക്സ്, പ്രീക്ലിനിക്കൽ ഘട്ടത്തിൽ മികച്ച ഫലങ്ങൾ കൈവരിച്ചതായി ഐസിഎംആർ ഡയറക്ടർ ഡോ. സംഘമിത്ര പതി വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) സംഘടിപ്പിച്ച മാധ്യമപഠന യാത്രയുടെ ഭാഗമായി ഒഡിഷയിലെത്തിയ കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
മലേറിയയുടെ ഏറ്റവും ഗുരുതര വകഭേദമായ 'പ്ലാസ്മോഡിയം ഫാൽസിപ്പറം' പരാദത്തിന്റെ രണ്ട് ഘട്ടങ്ങളെയും ഒരുപോലെ പ്രതിരോധിക്കാൻ ഈ വാക്സിന് ശേഷിയുണ്ട്. സാധാരണ താപനിലയിൽ ഒൻപത് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാമെന്നതും ദീർഘകാല സംരക്ഷണം ഉറപ്പുനൽകുന്നു എന്നതുമാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. കുറഞ്ഞ നിർമാണച്ചെലവിൽ ലഭ്യമാകുന്ന ഈ വാക്സിൻ രാജ്യത്തിന്റെ മലേറിയ നിർമാർജന പോരാട്ടത്തിൽ നിർണായക നാഴികക്കല്ലാകും. ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ച് (ഭുവനേശ്വർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച് (ICMR-NIMR), ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി എന്നിവ സംയുക്തമായാണ് അഡ്ഫാൽസിവാക്സ് വികസിപ്പിക്കുന്നത്.
കോവിഡ്, നിപ രോഗങ്ങൾ കൃത്യമായി കണ്ടെത്തുന്നതിൽ കേരളത്തിലെ ആരോഗ്യസംവിധാനങ്ങളും ആലപ്പുഴയിലെ ഐസിഎംആർ-എൻഐവി (ICMR-NIV) യൂണിറ്റും നടത്തുന്ന പ്രവർത്തനങ്ങളെ ചടങ്ങിൽ ഡോ. സംഘമിത്ര പ്രത്യേകം പ്രശംസിച്ചു. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവുമായി സഹകരിച്ച് വയനാട് ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന 'ഭാരത് ട്രൈബൽ ഫാമിലി ഹെൽത്ത് സർവേ'യെക്കുറിച്ചും അവർ വിശദീകരിച്ചു.
സ്ഥാപനത്തിന്റെ പ്രധാന നേട്ടങ്ങൾ ഡോ. ദേബ്ദത്ത ഭട്ടാചാര്യ അവതരിപ്പിച്ചു. ഡോ. സുമൻ സുന്ദർ മൊഹന്തി, ഡോ. സുബേന്ദു കുമാർ ആചാര്യ, ഡോ. ശ്രീകാന്ത കനുങ്കോ എന്നീ ശാസ്ത്രജ്ഞരും മാധ്യമസംഘവുമായി സംവദിച്ചു. തുടർന്ന് മാധ്യമപ്രവർത്തകർ സ്ഥാപനത്തിലെ അത്യാധുനിക ലബോറട്ടറികളും ഗവേഷണ സൗകര്യങ്ങളും സന്ദർശിച്ചു.
Comments ()