അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; കനത്ത ജാഗ്രത, 89,000 പേരെ ഒഴിപ്പിച്ചു
നിലവിൽ ആന്ധ്രാ തീരത്ത് നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ചുഴലിക്കാറ്റ് മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തിലാണ് മുന്നേറുന്നത്. പ്രവചനമനുസരിച്ച് നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് യാനം–കാക്കിനട മേഖലയ്ക്കിടയിൽ ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചേക്കും
ബെംഗളൂരു: അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതോടെ ആന്ധ്രാപ്രദേശിലും ഒഡിഷയിലും സുരക്ഷാ നടപടികൾ ശക്തമാക്കി. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും പിന്നാലെ ആന്ധ്രയിലെ തീരദേശ മേഖലകളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കാക്കിനടയിൽ മാത്രം 89,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒഡിഷയുടെ വിവിധ ഭാഗങ്ങളിൽ മഴയും ശക്തമായതോടെ അധികൃതർ ജാഗ്രതാ നിർദേശം നൽകി.
നിലവിൽ ആന്ധ്രാ തീരത്ത് നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ചുഴലിക്കാറ്റ് മണിക്കൂറിൽ 25 കിലോമീറ്റർ വേഗത്തിലാണ് മുന്നേറുന്നത്. പ്രവചനമനുസരിച്ച് നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് യാനം–കാക്കിനട മേഖലയ്ക്കിടയിൽ ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചേക്കും. തീരം തൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗതയെന്നാണ് വിലയിരുത്തൽ. കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. വിശാഖപട്ടണം ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.
ദുരന്തസാധ്യത മുന്നിൽക്കണ്ട് ആന്ധ്രയിൽ വ്യാപകമായ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. 1,400-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. നാലായിരത്തിലേറെ ഗർഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. ഹോപ് ഐലൻഡിൽ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളെല്ലാം സുരക്ഷിതമായി തീരത്തെത്തിച്ചതായും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിന്റെ ആഘാതം നേരിടാൻ ഒഡിഷയിലും മുന്നൊരുക്കങ്ങൾ തുടരുകയാണ്.
Comments ()