തമിഴ്നാട്ടില്‍ 17 തടവുകാര്‍ ജയില്‍ചാടി; കേരളം-തമിഴ്‌നാട് ചെക് പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം

രക്ഷപ്പെട്ടവർ ഇടുക്കി വഴി കേരളത്തിലേയ്ക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നി​ഗമനത്തിലാണ് നിർദേശം നൽകിയത്.

തമിഴ്നാട്ടില്‍ 17 തടവുകാര്‍ ജയില്‍ചാടി; കേരളം-തമിഴ്‌നാട് ചെക് പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം

തേനി: തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് 17 വിചാരണ തടവുകാർ ചാടിപ്പോയി. ഒരു തടവുകാരന് സുഖമില്ലെന്ന് വ്യാജേന അധികൃതരെ കബളിപ്പിച്ചു സെല്ലിനുള്ളിൽ കയറിയ ജീവനക്കാരെ സംഘം ചേർന്ന് ക്രൂരമായി ആക്രമിച്ച ശേഷമാണ് തടവുകാർ രക്ഷപ്പെട്ടത്.

ആക്രമണത്തിൽ ഒരു ജയിൽ ഉദ്യോഗസ്ഥന് ഗുരുതരമായി തലയ്ക്ക് പരിക്കേൽക്കുകയും മറ്റു മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പെട്ടെന്ന് തന്നെ ഇടപെട്ട പൊലീസ് ജയിൽ ചാടിയവരിൽ ഒരാളെ ഉടൻ തന്നെ പിടികൂടി.

ബാക്കിയുള്ളവർക്കായി തമിഴ്‌നാട് പൊലീസും വനംവകുപ്പും ചേർന്ന് പ്രദേശത്തെ വനമേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. രക്ഷപ്പെട്ട പ്രതികൾ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ ജാഗ്രതാ നിർദേശം നൽകുകയും പൊലീസ് പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.