ലിവിങ് ടുഗദർ പങ്കാളി വഞ്ചിച്ചു, യുവാവിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി യുവതി

ഹാസൻ ജില്ലയിലെ ചന്നരായപട്ടണ താലൂക്കിൽ പെട്ട കല്ലേസോമനഹള്ളിയിലാണ് യുവതിയുടെ നാടകീയ പ്രതിഷേധ സമരം.

ലിവിങ് ടുഗദർ പങ്കാളി വഞ്ചിച്ചു, യുവാവിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി യുവതി

ഹാസൻ (കർണാടക): ലിവിങ് ടുഗദർ പങ്കാളി വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറി വഞ്ചിച്ചതായി ആരോപിച്ച് കർണാടകയിലെ ഹാസനിൽ കാസർകോട് സ്വദേശിനിയായ യുവതിയുടെ പ്രതിഷേധ സമരം. ചന്നരായപട്ടണ താലൂക്കിലെ കല്ലേസോമനഹള്ളി സ്വദേശിയായ സൂര്യ എന്ന യുവാവിന്റെ വീട്ടുപടിക്കലാണ് യുവതി രാപ്പകൽ വ്യത്യാസമില്ലാതെ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ഒന്നിച്ച് ജോലി ചെയ്യുന്നതിനിടെയാണ് സൂര്യയും യുവതിയും പ്രണയത്തിലാകുന്നത്. തുടർന്ന് കഴിഞ്ഞ അഞ്ച് മാസത്തോളമായി ഇരുവരും ഒന്നിച്ചായിരുന്നു താമസം. യുവതിയുടെ ജാതി ചൂണ്ടിക്കാട്ടി സൂര്യയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മുൻപ് വിവാഹത്തിന് സമ്മതിച്ചിരുന്ന വീട്ടുകാർ, മകളുടെ വിവാഹശേഷം നട നടത്താമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ മാസം 24-ന് ഓഫീസിലെത്തിയ സൂര്യയെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് യുവതി പറയുന്നു.

യുവാവ് ഉപേക്ഷിച്ചു കടന്നതോടെ, തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി യുവതി നേരത്തെ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെ ഒക്ടോബർ 22-ന് ചന്നരായപട്ടണ റൂറൽ പോലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച നടത്തി. ഞായറാഴ്ച വീണ്ടും സംസാരിക്കാമെന്ന് സൂര്യയുടെ മാതാപിതാക്കൾ സമ്മതിച്ചിരുന്നെങ്കിലും, യുവതി എത്തുന്നതിന് മുൻപായി ഇവർ വീട് പൂട്ടി മുങ്ങുകയായിരുന്നു.

ഇതോടെയാണ് യുവതി യുവാവിന്റെ വീടിനുമുന്നിൽ നാടകീയമായി ധർണ ആരംഭിച്ചത്. സംഭവത്തിൽ ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്റ്റേഷനിലും യുവതി പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ പോലീസ് അടിയന്തരമായി ഇടപെട്ട് തനിക്ക് നീതി ഉറപ്പാക്കണമെന്നാണ് യുവതിയുടെ ആവശ്യം.