'മുറസു' ചുഴലിക്കാറ്റ് കരതൊടാൻ മണിക്കൂറുകൾ മാത്രം; കേരളത്തിൽ മഴ ശക്തമാകും, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് കരതൊടുമ്പോൾ ശക്തമായ നിലയിലായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപംകൊണ്ടതോടെ ദക്ഷിണേന്ത്യൻ തീരങ്ങളിൽ കാലാവസ്ഥാ ജാഗ്രത ശക്തമാക്കി. 'മുറസു' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഈ വർഷം മേഖലയിൽ രൂപപ്പെടുന്ന രണ്ടാമത്തേതാണ്. ഇന്ത്യയാണ് ചുഴലിക്കാറ്റിന് പേര് നിർദേശിച്ചത്. തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് കരതൊടുമ്പോൾ ശക്തമായ നിലയിലായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിങ്കളാഴ്ച അർധരാത്രിക്കും ചൊവ്വാഴ്ച പുലർച്ചെ നാലിനുമിടയിൽ നെല്ലൂരിനും നരസാപുരത്തിനും ഇടയിലുള്ള തീരപ്രദേശത്ത് ചുഴലിക്കാറ്റ് പ്രവേശിക്കാനാണ് സാധ്യത. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം കേരളത്തിൽ ഉണ്ടാകില്ലെങ്കിലും ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും രണ്ട് മുതൽ മൂന്ന് ദിവസം വരെ വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാം. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.
മഴ മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നവംബർ 3-ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നവംബർ 4-ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത അറിയിച്ചിരുന്നു.
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. ചുഴലിക്കാറ്റ് കരയിലെത്തി ക്രമേണ ദുർബലമാകുന്നതിന് പിന്നാലെ കേരളത്തിൽ ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ തുലാവർഷ മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Comments ()