പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; വ്ലോഗർ പോക്സോ കേസിൽ അറസ്റ്റിൽ

കരുനാഗപ്പള്ളി സ്വദേശിയും ഹബീബിയ്യ ഇസ്ലാമിക് അക്കാദമി ഡയറക്ടറുമായ മുഹമ്മദ് നിയാസ് ജൗഹരിയെയാണ് കരുനാഗപ്പള്ളി പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്

പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വിശ്വസിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; വ്ലോഗർ പോക്സോ  കേസിൽ അറസ്റ്റിൽ

കൊല്ലം: രോഗശമനത്തിനായി പ്രാർത്ഥന നടത്താമെന്ന് പറഞ്ഞ് കുടുംബത്തിന്റെ വിശ്വാസം നേടിയ ശേഷം പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വ്ലോഗർ അറസ്റ്റിൽ. കരുനാഗപ്പള്ളി സ്വദേശിയും ഹബീബിയ്യ ഇസ്ലാമിക് അക്കാദമി ഡയറക്ടറുമായ മുഹമ്മദ് നിയാസ് ജൗഹരിയെയാണ് കരുനാഗപ്പള്ളി പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്ന പെൺകുട്ടിയെ പ്രാർത്ഥനയിലൂടെ സുഖപ്പെടുത്താമെന്ന് പറഞ്ഞാണ് പ്രതിയുടെ അടുത്തെത്തിച്ചതെന്നാണ് പരാതി. പിതാവിന്റെ അമ്മയ്ക്കൊപ്പമാണ് പെൺകുട്ടി ഇയാളെ കാണാനെത്തിയത്. രോഗത്തിന് പരിഹാരം കാണാമെന്ന് കുടുംബത്തെ വിശ്വസിപ്പിച്ച പ്രതി പിന്നീട് ഈ സാഹചര്യം മുതലെടുത്ത് പെൺകുട്ടിയെ ചൂഷണം ചെയ്തെന്നാണ് ആരോപണം. 2025 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിലെത്തിച്ച് പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പരാതിയിൽ പറയുന്നു.

പ്രാർത്ഥനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെന്ന പേരിൽ പെൺകുട്ടിയെ മറ്റുള്ളവരിൽനിന്ന് അകറ്റിനിർത്തിയാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. തുടർച്ചയായ പീഡനത്തെ തുടർന്ന് പെൺകുട്ടി സംഭവം പുറത്തുപറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ലഭിച്ച പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.