പ്രവാസികൾക്ക് ഇരുട്ടടിയായി ഇൻഷുറൻസ് നിരക്ക് വർധന; സർക്കാർ നിലപാടിനെതിരെ രൂക്ഷവിമര്ശനവുമായി പിണറായി വിജയന്
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലൂടെ കടന്നുപോകുന്ന പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനുപകരം കൂടുതൽ ചെലവ് അടിച്ചേൽപ്പിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു
തിരുവനന്തപുരം: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്ക് വർധന പിൻവലിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലൂടെ കടന്നുപോകുന്ന പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനുപകരം കൂടുതൽ ചെലവ് അടിച്ചേൽപ്പിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിൽ പ്രതികരിച്ചത്.
അഞ്ച് ലക്ഷം രൂപയുടെ ഫാമിലി ഫ്ളോട്ടർ ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയം 13,411 രൂപയിൽനിന്ന് 35,664 രൂപ മുതൽ 77,773 രൂപ വരെയായി വർധിപ്പിച്ചെന്നാണ് പിണറായി വിജയൻ ചൂണ്ടിക്കാട്ടിയത്. ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്ന സാധാരണ പ്രവാസികൾക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മുതിർന്ന പൗരന്മാർക്കും പുതിയ നിരക്കുകൾ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യങ്ങൾ പ്രവാസികളുടെ ജീവിതത്തെയും വരുമാനത്തെയും ബാധിക്കുന്ന ഘട്ടത്തിൽ ഇൻഷുറൻസ് ചെലവ് ഇത്രയധികം ഉയർത്തുന്നത് അവരുടെ പ്രതിസന്ധി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രീമിയം വർധന സംബന്ധിച്ച വിഷയം നിയമസഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യം പോലും സർക്കാർ അംഗീകരിച്ചില്ലെന്നാണ് വിമർശനം. പ്രവാസി സംഘടനകൾ നിരക്ക് വർധന പുനഃപരിശോധിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇൻഷുറൻസ് പരിരക്ഷ സാധാരണ പ്രവാസികൾക്കും താങ്ങാനാകുന്ന നിരക്കിൽ ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു.
Comments ()