32 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി റിയാദില്‍ അന്തരിച്ചു

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രവാസി മലയാളി റിയാദിൽ മരിച്ചു.

32 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി റിയാദില്‍ അന്തരിച്ചു

റിയാദ്: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് പുറപ്പെടാനിരിക്കെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി രാജേഷ് (58) റിയാദിൽ അന്തരിച്ചു. കഴിഞ്ഞ 32 വർഷമായി അൽഖർജിലെ സഹന പ്രദേശത്ത് വർക്ക്‌ഷോപ്പ് മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

ആരോഗ്യനില വഷളായതിനെ തുടർന്ന് ദിവസങ്ങളോളം അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജേഷിന്, കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും വീൽചെയറും യാത്രയ്ക്കുള്ള പ്രത്യേക അനുമതികളും ലഭ്യമാക്കിയത്. എന്നാൽ നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കവെ രക്തസമ്മർദവും ഓക്സിജന്റെ അളവും പെട്ടെന്ന് കുറയുകയായിരുന്നു. തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ നാലിന് മരണത്തിന് കീഴടങ്ങി. പ്രവാസത്തിന്റെ അവസാന നാളുകളിൽ കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് രാജേഷ് യാത്രയായത്.

തുടർന്ന് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ വെൽഫെയർ ഫണ്ട് സഹായത്തോടെയാണ് മരണാനന്തര നടപടികൾ പൂർത്തിയാക്കിയത്. ചില സാങ്കേതിക തടസ്സങ്ങൾ കാരണം മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി നേരിട്ടെങ്കിലും, ഒക്ടോബർ 29-ന് ദമ്മാം വിമാനത്താവളത്തിൽനിന്ന് ബഹ്റൈൻ വഴി തിരുവനന്തപുരത്ത് എത്തിച്ചു. ഒക്ടോബർ 30-നായിരുന്നു സംസ്കാരം.

പരേതനായ സുകുമാരപിള്ളയുടെയും ഓമന അമ്മയുടെയും മകനാണ് രാജേഷ്. ഭാര്യ: സരിതകുമാരി. മക്കൾ: ശ്രീരാഗ്, ശ്രീനാഥ് (ഇരുവരും വിദ്യാർഥികൾ). സുരേഷ് കുമാർ ഏക സഹോദരനാണ്.