മുറസു ചുഴലിക്കാറ്റിന് പിന്നാലെ മഴ ഭീഷണി; ഇടിമിന്നലും ശക്തമായ കാറ്റും, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
അറബിക്കടലിലും സമീപ പ്രദേശങ്ങളിലും രൂപപ്പെട്ട വിവിധ കാലാവസ്ഥാ സംവിധാനങ്ങൾ കേരളത്തിലെ മഴസാഹചര്യത്തെ സ്വാധീനിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ആന്ധ്രാപ്രദേശ് തീരത്ത് കരതൊട്ട മുറസു ചുഴലിക്കാറ്റ് ക്രമേണ ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് മുകളിൽ ശക്തമായ ചുഴലിക്കാറ്റായി തുടരുന്ന ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഉച്ചയോടെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച അർധരാത്രിയോടെ അതിതീവ്ര ന്യൂനമർദമായി മാറാനും സാധ്യതയുണ്ട്.
അറബിക്കടലിലും സമീപ പ്രദേശങ്ങളിലും രൂപപ്പെട്ട വിവിധ കാലാവസ്ഥാ സംവിധാനങ്ങൾ കേരളത്തിലെ മഴസാഹചര്യത്തെ സ്വാധീനിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് സമീപം, തീരദേശ കർണാടകയ്ക്ക് മുകളിൽ, തെക്കൻ തമിഴ്നാടിന് മുകളിൽ എന്നിങ്ങനെ മൂന്ന് ചക്രവാതച്ചുഴികളാണ് നിലവിലുള്ളത്.
ഇവയുടെ സ്വാധീനത്തിൽ ഞായറാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും ഉണ്ടായേക്കാം. മുന്നറിയിപ്പിന്റെ ഭാഗമായി അഞ്ച് ദിവസങ്ങളിലായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലകളിലെ യെല്ലോ അലർട്ട്
- നവംബർ 3: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
- നവംബർ 4: കോട്ടയം, ഇടുക്കി, വയനാട്
- നവംബർ 5: പത്തനംതിട്ട
- നവംബർ 6: ഇടുക്കി, എറണാകുളം
- നവംബർ 7: പത്തനംതിട്ട, കോട്ടയം
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
Comments ()