ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനാണ് സാധ്യത

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴയ്ക്ക് സാധ്യത വർധിക്കുന്നതിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും തുടർന്നുണ്ടാകാനിടയുള്ള ന്യൂനമർദ്ദവുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നത്.

മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപത്തെ ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി നിലവിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്തിൽ വെള്ളിയാഴ്ചയോടെ മധ്യപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡിഷ തീരപ്രദേശത്തോട് ചേർന്നും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനാണ് സാധ്യത. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിർദേശം നിലവിലുണ്ട്.

ചൂടിലും ജാഗ്രത വേണം

മഴയ്ക്കുള്ള സാധ്യതയ്ക്കൊപ്പം സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന ചൂട് തുടരാനും സാധ്യതയുണ്ട്. സാധാരണ താപനിലയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഉയർന്ന ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നതിനാൽ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

പകൽ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. ഈ സമയത്ത് ദീർഘനേരം തുടർച്ചയായി വെയിലിൽ കഴിയുന്നത് ആരോഗ്യത്തിന് ദോഷകരമാകാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.