ഒമാനിൽനിന്ന് സൗദിയിലേക്ക് ലഹരിക്കടത്ത്; മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി
2023ൽ ഒമാനിൽനിന്ന് റോഡ് മാർഗം സൗദിയിലേക്ക് കടക്കുന്നതിനിടെയാണ് അബൂട്ടി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന ജിഎംസി വാനിൽ നടത്തിയ പരിശോധനയിൽ വാഹനത്തിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ഏകദേശം 43 കിലോഗ്രാം നിരോധിത ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു
ദമ്മാം: വൻതോതിൽ നിരോധിത ലഹരിവസ്തുക്കൾ സൗദിയിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ മലയാളി യുവാവിന്റെ വധശിക്ഷ ദമ്മാമിൽ നടപ്പാക്കി. തലശ്ശേരി മാഹി പെരിങ്ങാട് സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് ശിക്ഷയ്ക്ക് വിധേയനായത്. ഞായറാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
2023ൽ ഒമാനിൽനിന്ന് റോഡ് മാർഗം സൗദിയിലേക്ക് കടക്കുന്നതിനിടെയാണ് അബൂട്ടി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന ജിഎംസി വാനിൽ നടത്തിയ പരിശോധനയിൽ വാഹനത്തിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ഏകദേശം 43 കിലോഗ്രാം നിരോധിത ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.
കേസിന്റെ വിചാരണയ്ക്കിടെ പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച ശാസ്ത്രീയ തെളിവുകളും മറ്റ് രേഖകളും പരിഗണിച്ചാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. പിന്നീട് പ്രതി നൽകിയ അപ്പീൽ പരിഗണിച്ച അപ്പീൽ കോടതിയും സൗദി സുപ്രീംകോടതിയും കീഴ്ക്കോടതി വിധി ശരിവെച്ചു.
നിയമനടപടികൾ പൂർത്തിയായതിനു പിന്നാലെ ശിക്ഷ നടപ്പാക്കുന്നതിനുള്ള രാജവിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിന് ശേഷമാണ് ദമ്മാമിൽ ഞായറാഴ്ച വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
Comments ()