ജീവന് ഭീഷണിയാകുന്ന ഡ്രൈവിംഗ്; കുവൈത്തിൽ നാല് പേർ അറസ്റ്റിൽ, അഞ്ച് വാഹനങ്ങൾ തകർത്തു

വഫ്രയിൽ അനധികൃത ഒത്തുചേരലിനും അപകടകരമായ ഡ്രൈവിംഗിനും ഒരു സംഘം തയ്യാറെടുക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് ജനറൽ ട്രാഫിക് വിഭാഗം അന്വേഷണം ആരംഭിച്ചത്. പരിശോധനയിൽ സംഘം ഉപയോഗിച്ച വാഹനങ്ങൾ വിവിധ ഫാമുകൾക്കുള്ളിൽ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തി

ജീവന് ഭീഷണിയാകുന്ന ഡ്രൈവിംഗ്; കുവൈത്തിൽ നാല് പേർ അറസ്റ്റിൽ, അഞ്ച് വാഹനങ്ങൾ തകർത്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്ര കാർഷിക മേഖലയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് പൊതുജനങ്ങൾക്ക് ഭീഷണിയുണ്ടാക്കിയ നാല് പേർ അറസ്റ്റിൽ. പ്രതികൾ ഉപയോഗിച്ചിരുന്ന അഞ്ച് വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്ത് നിയമനടപടികൾക്ക് ശേഷം നശിപ്പിച്ചു.

വഫ്രയിൽ അനധികൃത ഒത്തുചേരലിനും അപകടകരമായ ഡ്രൈവിംഗിനും ഒരു സംഘം തയ്യാറെടുക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് ജനറൽ ട്രാഫിക് വിഭാഗം അന്വേഷണം ആരംഭിച്ചത്. പരിശോധനയിൽ സംഘം ഉപയോഗിച്ച വാഹനങ്ങൾ വിവിധ ഫാമുകൾക്കുള്ളിൽ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തി.

തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തത്. ഇതോടൊപ്പം നാല് പേരെയും അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച ശേഷം സെൻട്രൽ ജയിലിലേക്ക് മാറ്റി.

ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പിടിച്ചെടുത്ത വാഹനങ്ങൾ ക്രഷ് ചെയ്ത് നശിപ്പിച്ചത്. റോഡ് ഉപയോക്താക്കളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ് അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനയും നിരീക്ഷണവും ശക്തമായി തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.