അച്ഛനെ രക്ഷിക്കാനായി യുകെയിൽനിന്ന് സൗദിയിലേക്ക്; ഒടുവിൽ വിധിക്ക് മുന്നിൽ തോറ്റ് മകൾ, മടങ്ങിയത് ചേതനയറ്റ ശരീരവുമായി

പക്ഷാഘാതത്തെത്തുടർന്ന് റിയാദിൽ ചികിത്സയിലായിരുന്ന തൃശൂർ ചെറുവള്ളൂർ സ്വദേശി ഇട്ടേര ദേവസി (63) ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതോടെയാണ് മകളുടെ ദിവസങ്ങൾ നീണ്ട ശ്രമങ്ങൾ ദുരന്തത്തിൽ അവസാനിച്ചത്

അച്ഛനെ രക്ഷിക്കാനായി യുകെയിൽനിന്ന് സൗദിയിലേക്ക്; ഒടുവിൽ വിധിക്ക് മുന്നിൽ തോറ്റ് മകൾ, മടങ്ങിയത് ചേതനയറ്റ ശരീരവുമായി

റിയാദ്: അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയുമായി യുകെയിൽ നിന്ന് സൗദിയിലെത്തിയ അന്നയ്ക്ക് ഒടുവിൽ പിതാവിന്റെ മൃതദേഹവുമായി മടങ്ങേണ്ടിവന്നു. പക്ഷാഘാതത്തെത്തുടർന്ന് റിയാദിൽ ചികിത്സയിലായിരുന്ന തൃശൂർ ചെറുവള്ളൂർ സ്വദേശി ഇട്ടേര ദേവസി (63) ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതോടെയാണ് മകളുടെ ദിവസങ്ങൾ നീണ്ട ശ്രമങ്ങൾ ദുരന്തത്തിൽ അവസാനിച്ചത്.

സൗദിയിൽ 33 വർഷമായി പ്രവാസജീവിതം നയിച്ചിരുന്ന ദേവസി അൽ ഖർജിൽ സ്വന്തമായി ലോൺഡ്രി സ്ഥാപനം നടത്തിവരികയായിരുന്നു. പക്ഷാഘാതം ബാധിച്ചതോടെ ആദ്യം ദിലത്തിലെ പ്രിൻസ് സൽമാൻ ഇബ്ന് മുഹമ്മദ് അൽ സൗദ് ആശുപത്രിയിലും പിന്നീട് റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കുശേഷം ദിലത്തിലെ ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി കൂടുതൽ വഷളായി.

അച്ഛന്റെ രോഗവിവരം സുഹൃത്ത് റെജികുമാറിൽ നിന്നറിഞ്ഞ യുകെയിൽ നഴ്സിങ് പഠിക്കുന്ന മകൾ അന്ന ഒക്ടോബർ രണ്ടിന് റിയാദിലെത്തി. അച്ഛനെ എങ്ങനെയെങ്കിലും നാട്ടിലെത്തിച്ച് ചികിത്സ തുടരണമെന്നതായിരുന്നു ലക്ഷ്യം. ഇതിനായി ‘ഹെൽപ്‌ലൈൻ നഴ്സ്’ വഴി മാധ്യമപ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളിയുമായി ബന്ധപ്പെട്ടു. ജീവകാരുണ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടും സഹായത്തിനായി മുന്നിട്ടിറങ്ങി.

എന്നാൽ നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള രേഖകൾ ഒരുക്കുന്നതിനിടെ ദേവസിയുടെ ഇഖാമയിൽ ‘ഹുറൂബ്’ സ്റ്റാറ്റസ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമായി. ഇതോടെ നടപടികൾ സങ്കീർണമായി. ഷിഹാബ് കൊട്ടുകാട് ഇന്ത്യൻ എംബസിയുടെ സഹായം തേടി. എംബസി ഉദ്യോഗസ്ഥൻ സാബിറിന്റെ ഇടപെടലിനെത്തുടർന്ന് ഹുറൂബ് നീക്കം ചെയ്യുകയും എക്സിറ്റ് വിസ ലഭ്യമാക്കുകയും ചെയ്തു.

യാത്ര വൈകിയതോടെ അന്നയോട് നാട്ടിലേക്ക് മടങ്ങാൻ പലരും നിർദേശിച്ചു. എന്നാൽ അച്ഛനെ കൂടെക്കൊണ്ടുപോകാനാണ് താൻ വന്നതെന്നും അദ്ദേഹത്തെ വിട്ട് മടങ്ങില്ലെന്നും അന്ന ഉറച്ചുനിന്നു. ഒടുവിൽ ഒക്ടോബർ 15ന് നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കവെ ദേവസിക്ക് ഹൃദയാഘാതമുണ്ടായി. ചികിത്സയ്ക്കിടെ അദ്ദേഹം മരണപ്പെടുകയായിരുന്നു.

അച്ഛനൊപ്പം നാട്ടിലേക്ക് മടങ്ങുമ്പോൾ ധരിപ്പിക്കാനായി അന്ന യുകെയിൽനിന്ന് പുതിയ വസ്ത്രങ്ങളും ഷൂവും വാങ്ങിക്കൊണ്ടുവന്നിരുന്നു. എന്നാൽ ആ വസ്ത്രങ്ങൾ പിതാവിന്റെ അന്ത്യയാത്രയ്ക്കായി ഉപയോഗിക്കേണ്ടിവന്നു. മകളുടെ ആഗ്രഹം മനസ്സിലാക്കിയ ഷിഹാബ് കൊട്ടുകാടും ഷംനാദും ചേർന്ന് അതിനുള്ള ക്രമീകരണങ്ങൾ നടത്തി.

മരണശേഷവും മൃതദേഹം നാട്ടിലെത്തിക്കാൻ കടമ്പകളേറെയുണ്ടായിരുന്നു. റിയാദ് വിമാനത്താവളം താൽക്കാലികമായി അടച്ചതും അനുയോജ്യമായ വിമാനം ലഭിക്കാതിരുന്നതും യാത്ര വൈകിച്ചു. പിന്നീട് ദമാം വഴി കൊച്ചിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. ഹുറൂബ് നീക്കം ചെയ്യുന്നതു മുതൽ ആശുപത്രി, പൊലീസ് രേഖകൾ, എംബാമിങ്, വിമാന ടിക്കറ്റ് എന്നിവ വരെയുള്ള നടപടികൾ ഷിഹാബ് കൊട്ടുകാട് ഏകോപിപ്പിച്ചു. നോർക്കയുടെ ആംബുലൻസ് സൗകര്യവും ഒരുക്കി.

ദേവസിയുടെ സുഹൃത്ത് റെജികുമാർ, നിഷ ബാബു, അഭിലാഷ് മാത്യു, ദിലം ആശുപത്രിയിലെ നഴ്സ് ജിഷ അഭിലാഷ്, ഹെൻറി തോമസ്, രഞ്ജിത രാജൻ, സഞ്ജു, ബിൻസി, സജീഷ്, ലിജി, ജിജിൻ വർഗീസ് എന്നിവരും റിയാദ് ഒഐസിസി പ്രവർത്തകരും ഈ ദിവസങ്ങളിൽ അന്നയ്ക്ക് താങ്ങായി. 25 ദിവസത്തിനിടെ തനിക്ക് ലഭിച്ച കരുതലും സഹായവും ഒരിക്കലും മറക്കില്ലെന്ന് അന്ന പറഞ്ഞു. എംബസി ഉദ്യോഗസ്ഥൻ സാബിർ, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി എന്നിവരോടും മറ്റെല്ലാ സഹായികളോടും നന്ദി അറിയിച്ചു.

യാത്രാ നടപടികൾ പൂർത്തിയാക്കാൻ ഷിഹാബ് കൊട്ടുകാട് അന്നയ്ക്കൊപ്പം ദമാം വരെയും പോയി. ഒക്ടോബർ 29ന് പുലർച്ചെ 12.55ന് ഫ്ലൈനാസ് വിമാനത്തിൽ അന്നയും ദേവസിയുടെ ഭൗതികശരീരവും കൊച്ചിയിലെത്തി. അന്നേ ദിവസം വൈകിട്ട് 3.45ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കാരച്ചടങ്ങുകൾ നടന്നു. ഷൈനി അന്ന ദേവസിയാണ് ഭാര്യ. പ്ലസ്‌വൺ വിദ്യാർഥിനിയായ ആനിറ്റ് ദേവസി മകളാണ്.